ഇന്ത്യൻ ദേശീയ ടീമിലെ സ്ഥിരസാനിധ്യമാണ് ഇപ്പോൾ ഇടംകയ്യൻ സ്‌പിന്നർ കുൽദീപ് യാദവ്. നിശ്ചിത ഓവർ ക്രിക്കറ്റിലേതുപോലെ ടെസ്റ്റിലും കുൽദീപിന്റെ സേവനം ഇപ്പോൾ ഒഴിച്ചുകൂടാനാവില്ല. നായകൻ വിരാട് കോഹ്‌ലിയുടെ വിശ്വസ്തൻ കൂടിയാണ് കുൽദീപ്. നിർണായക ഘട്ടങ്ങളിൽ ടീമിന്റെ വിജയശിൽപിയാകാൻ വരെ സാധിക്കുന്ന താരം. എന്നാൽ നായകനെന്ന നിലയിൽ വിരാട് കോഹ്‌ലി നൽകുന്ന പിന്തുണയാണ് തങ്ങളുടെ ജോലി എളുപ്പമാക്കുന്നതെന്ന് കുൽദീപ് പറയുന്നു.

“നായകൻ നിങ്ങളിൽ പൂർണ വിശ്വാസമർപ്പിച്ചാൽ ഫീൽഡിൽ നിങ്ങളുടെ മികച്ചത് നൽകുന്നത് വളരെ എളുപ്പമാണ്. വിരാടിൽ നിന്ന് പ്രതിസന്ധി ഘട്ടത്തെ എങ്ങനെ നേരിടാമെന്നുൾപ്പടെ ഒരുപാട് കാര്യങ്ങൾ ഞങ്ങൾ പഠിച്ചു. അദ്ദേഹം യുവതാരങ്ങളെ പ്രോത്സഹിപ്പിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുകയില്ല,” കുൽദീപ് പറഞ്ഞു.

താൻ ടീമിലേക്ക് ആദ്യം എത്തിയത് മുതൽ തന്നെ വലിയ രീതിയിൽ പിന്തുണ നൽകിയ താരമാണ് കോഹ്‌ലിയെന്നും കുൽദീപ് ഓർക്കുന്നു. ഇപ്പോഴും ആ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിനെയും കളിക്കാരെയും നന്നായി മനസിലാക്കുന്ന നായകനാണ് കോഹ്‌ലിയെന്നും കുൽദീപ് കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകൾ കളിച്ച കുൽദീപ് 24 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 60 ഏകദിനങ്ങളിൽ 104 വിക്കറ്റുകളും 21 ടി20കളിൽ നിന്ന് 39 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook