രാജ്യാന്തര ക്രിക്കറ്റിൽ തന്റെ രണ്ടാം ഹാട്രിക്കാണ് വിശാഖപട്ടണം ഏകദിനത്തിലൂടെ കുൽദീപ് യാദവ് സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായും കുൽദീപ് യാദവ് മാറി, നേട്ടത്തിലെത്തുന്ന ആറാമത്തെ രാജ്യാന്തര താരവും.

വിശാഖപട്ടണത്ത് 33-ാം ഓവറിലായിരുന്നു കുൽദീപ് യാദവിന്റെ മാസ്മരിക പ്രകടനം. ഓവറിലെ നാലാം പന്തിൽ മികച്ച ഇന്നിങ്സുമായി ക്രീസിൽ നിലയുറപ്പിച്ച ഷായ് ഹോപ്പിനെ ബൗണ്ടറി ലൈനിലുണ്ടായിരുന്ന വിരാട് കോഹ്‌ലിയുടെ കൈകളിൽ എത്തിച്ച കുൽദീപിന്റെ അടുത്ത പന്ത് മനസിലാക്കാൻ ജേസൺ ഹോൾഡറക്കായില്ല. അഞ്ചാം പന്ത് നേരിടുന്നതിനായി ക്രീസിൽ നിന്നും കാലു പറിച്ചതും പന്ത് വെയ്ൽസിളക്കി. ഓവറിലെ അവസാന പന്തിൽ അൽസാരി ജോസഫിനെ കുൽദീപ് സെക്കൻഡ് സ്ലിപ്പിലുണ്ടായിരുന്ന കേദാർ ജാദവിന്റെ കൈകളിൽ എത്തിച്ചു.

ഒന്നിലധകം ഹാട്രിക്കുകളുള്ള എലൈറ്റ് ക്ലാസിലേക്ക് അനായാസമാണ് കുൽദീപ് എത്തിയത്. 2017 ഇന്ത്യൻ സീനിയർ ടീമിലെത്തിയ താരം 43 ഏകദിന മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ലസിത് മലിംഗ, വസിം അക്രം, ചമിന്ദ വാസ്, സഖ്‌ലെയ്ൻ മുഷ്തഖ്, ട്രെണ്ട് ബോൾട്ട് എന്നവരാണ് ഒന്നിലധികം ഹാട്രിക്കുകൾ നേടിയ മറ്റു താരങ്ങൾ. ഇതിൽ ലസിത് മലിംഗ മൂന്ന് തവണ ഹാട്രിക് സ്വന്തമാക്കിയപ്പോൾ മറ്റുള്ളവരുടെ പേരിലുള്ളത് രണ്ടെണ്ണം വീതമാണ്.

Also Read: റോക്കറ്റ് രോഹിത്; റെക്കോർഡുകൾ അതിവേഗം മറികടന്ന് ഇന്ത്യൻ ഓപ്പണർ

ഈ വർഷം ഹാട്രിക് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കുൽദീപ് യാദവ്. ലോകകപ്പിൽ മുഹമ്മദ് ഷമിയും വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുംറയും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ദീപക് ചാഹറും ഹാട്രിക് നേടിയിരുന്നു.

Also Read: 17 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി രാ-രോ സഖ്യം; പിന്നിലാക്കിയത് ഗാംഗുലി-സെവാഗ് കൂട്ടുകെട്ടിനെ

ബാറ്റിങ്ങിൽ ഓപ്പണർമാരുടെ സെഞ്ചുറിയും ബോളിങ്ങിൽ കുൽദീപ് യാദവിന്റെ ഹാട്രിക് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. 107 റൺസിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 388 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 280 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook