കൊൽക്കത്ത: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ ഇന്ത്യൻ താരം ജേക്കബ് മാർട്ടിന് സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രുണാല്‍ പാണ്ഡ്യയും രംഗത്ത്. മാർട്ടിന്‍റെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി ഉൾപ്പടെയുള്ള മുൻ താരങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദരനും രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ജേക്കബ് മാര്‍ട്ടിന്റെ കുടുംബത്തെ സഹായിക്കാൻ ഗാംഗുലി രംഗത്തെത്തിയിരുന്നു. മാർട്ടിനായി പ്രാർഥിക്കുന്നുവെന്നും വിഷമഘട്ടത്തിൽ കുടുംബത്തിനൊപ്പം നിൽക്കുമെന്നും ഗാംഗുലി പറഞ്ഞു. ടീം ഇന്ത്യയുടെ കോച്ച് രവി ശാസ്ത്രി, മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, സഹീർ ഖാൻ, മുനാഫ് പട്ടേൽ തുടങ്ങിയവരും സഹായ വാഗ്ദാനം നൽകിയിരുന്നു.

ഡിസംബർ 28ന് നടന്ന വാഹനാപകടത്തിലാണ് 46-കാരനായ മുൻ ബറോഡ നായകന് ഗുരുതര പരുക്കേറ്റത്. കരളിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റ താരം വഡോധരയിലെ ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇതുവരെ 11 ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായിട്ടുണ്ട്. ഒരുവേള പണമില്ലാത്ത അവസ്ഥ വന്നതോടെ ആശുപത്രിക്കാർ മരുന്ന് നൽകുന്നത് നിർത്തിവച്ചുവെന്നും സഹായിക്കണമെന്നും കുടുംബം അപേക്ഷിച്ചു.

ബിസിസിഐ അഞ്ച് ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷൻ മൂന്ന് ലക്ഷം രൂപയും ചികിത്സാ സഹായധനമായി കൈമാറിയിട്ടുണ്ട്. ബിസിസിഐയുടെയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍റെയും മുൻ സെക്രട്ടറിയായിരുന്ന സഞ്ജയ് പാട്ടീലിന്‍റെ നേതൃത്വത്തിൽ പണം സ്വരൂപിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ക്രുണാല്‍ പാണ്ഡ്യ രംഗത്തെത്തിയത്. ബ്ലാങ്ക് ചെക്കാണ് ക്രുണാല്‍ പാണ്ഡ്യ ജേക്കബ് മാര്‍ട്ടിനായി നല്‍കിയത്. ‘സാര്‍, താങ്കള്‍ക്ക് ആവശ്യമുളളത് എഴുതി എടുത്ത് കൊളളു. പക്ഷെ 1 ലക്ഷം രൂപയില്‍ കുറഞ്ഞതൊന്നും എഴുതരുത്,’ ക്രുണാല്‍ ജേക്കബ് മാര്‍ട്ടിനെ അറിയിച്ചു.

1999-2001 കാലത്ത് ജേക്കബ് മാർട്ടിൻ പത്ത് ഏകദിനങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 22.57 ശരാശരിയിൽ 158 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 2000-01 സീസണിൽ ബറോഡ ആദ്യമായി രഞ്ജി ചാന്പ്യന്മാരായപ്പോൾ നായകൻ ജേക്കബ് മാർട്ടിനായിരുന്നു. ബറോഡയ്ക്ക് പുറമേ റെയിൽവെയിസിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook