കണ്ഠമിടറി ക്രുണാൽ, സംസാരിക്കാൻ കഴിയാതെ മടക്കം; അരങ്ങേറ്റ അർധ സെഞ്ചുറി അച്ഛന്, നിശബ്‌ദനായി ഹാർദികും

സ്വയം നിയന്ത്രിക്കാൻ ക്രുണാലിന് സാധിച്ചില്ല. ഒടുവിൽ അഭിമുഖം നിർത്താൻ ക്രുണാൽ ആവശ്യപ്പെട്ടു. ക്രുണാലിന് സംസാരിക്കാൻ സാധിക്കുന്നില്ലെന്ന് മനസിലായതോടെ ക്യാമറ തിരിച്ചു, വീഡിയോ

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ അതിവെെകാരിക രംഗങ്ങൾ. ഇന്ത്യയ്‌ക്കായി ഏകദിന അരങ്ങേറ്റം കുറിച്ച ക്രുണാൽ പാണ്ഡ്യ കായികപ്രേമികളെ അക്ഷരാർഥത്തിൽ കരയിപ്പിച്ചു. അരങ്ങേറ്റ ഏകദിനത്തിൽ അർധ സെഞ്ചുറി തികച്ച ക്രുണാൽ ഏറ്റവും കൂടുതൽ മിസ് ചെയ്‌തത് തന്റെ പിതാവിനെയാണ്. ഏകദിന അരങ്ങേറ്റത്തിൽ തന്നെ അർധ സെഞ്ചുറി നേടി ഇന്ത്യയുടെ സ്‌കോർബോർഡിന് കരുത്ത് പകരുമ്പോൾ ഇതൊന്നും കാണാൻ തന്റെ പിതാവ് ഇല്ലല്ലോ എന്നോർത്താണ് ക്രുണാൽ പൊട്ടിക്കരഞ്ഞത്.

Image
അരങ്ങേറ്റ മത്സരത്തിനു ഇറങ്ങുംമുൻപ് ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും

31 പന്തിൽ പുറത്താകാതെ 58 റൺസാണ് ക്രുണാൽ നേടിയത്. ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ഇത്. അർധ സെഞ്ചുറി നേടിയതിനു പിന്നാൽ ക്രുണാൽ ആകാശത്തേക്ക് നോക്കി നന്ദി പറഞ്ഞു. തങ്ങളിൽ നിന്നു വേർപ്പെട്ടുപോയ പ്രിയപ്പെട്ട പിതാവിന് സമർപ്പിക്കുകയായിരുന്നു ക്രുണാൽ തന്റെ അർധ സെഞ്ചുറി. ക്രുണാൽ പാണ്ഡ്യയുടെ വെടിക്കെട്ട് മികവിലാണ് ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 317 റൺസ് നേടിയത്.

മത്സരശേഷമാണ് ഏറ്റവും വെെകാരികമായ രംഗങ്ങൾ അരങ്ങേറിയത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ മുരളി കാർത്തിക് അഭിമുഖത്തിനായി ക്രുണാലിനെ വിളിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിലെ അർധ സെഞ്ചുറിയെ കുറിച്ച് മുരളി കാർത്തിക് ചോദിച്ചു. ഇംഗ്ലണ്ടിനെതിരെ നേടിയ അർധ സെഞ്ചുറി തന്റെ പിതാവിനായി സമർപ്പിക്കുകയാണെന്ന് ക്രുണാൽ പറഞ്ഞു. “ഇത് ഞങ്ങളുടെ പിതാവിനുള്ളതാണ്, വളരെ വെെകാരികമായി തോന്നുന്നു,” ക്രുണാൽ പറഞ്ഞു. ഇതു പറഞ്ഞതിനു പിന്നാലെ ക്രുണാലിനു കണ്ഠമിടറി. പിന്നീട് അദ്ദേഹത്തിനു സംസാരിക്കാൻ കഴിയാതെയായി.

“നിങ്ങൾ നിങ്ങളുടെ സമയമെടുത്തോളൂ, മനസ് ശരിയായ ശേഷം സംസാരിച്ചാൽ മതി,” എന്നാണ് മുരളി കാർത്തിക് ക്രുണാലിനോട് ഈ സമയത്ത് പറഞ്ഞത്. എന്നാൽ, സ്വയം നിയന്ത്രിക്കാൻ ക്രുണാലിന് സാധിച്ചില്ല. ഒടുവിൽ അഭിമുഖം നിർത്താൻ ക്രുണാൽ ആവശ്യപ്പെട്ടു. ക്രുണാലിന് സംസാരിക്കാൻ സാധിക്കുന്നില്ലെന്ന് മനസിലായതോടെ ക്യാമറ തിരിച്ചു. ക്യാമറയ്‌ക്ക് മുൻപിൽ നിന്നു ക്രുണാൽ കരയുന്നതും ഒടുവിൽ കരച്ചിൽ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

സഹോദരൻ ഹാർദിക് പാണ്ഡ്യയെ കെട്ടിപ്പിടിച്ച് ക്രുണാൽ കരഞ്ഞതും ക്രിക്കറ്റ് പ്രേമികൾ വളരെ സങ്കടത്തോടെയാണ് കണ്ടത്. ക്രുണാൽ അർധ സെഞ്ചുറി നേടിയ നേരത്തും ക്യമാറ കണ്ണുകളെല്ലാം ഹാർദിക്കിലേക്ക് ആയിരുന്നു.

Image
ക്രുണാൽ അർധ സെഞ്ചുറി നേടിയപ്പോൾ അഭിനന്ദിക്കുന്ന ഹാർദിക്

ഡ്രസിങ് റൂമിൽ ഒറ്റയ്‌ക്ക് ഒരിടത്ത് നിന്ന് മുഖത്ത് ചെറിയൊരു പുഞ്ചിരിയോടെ സഹോദരന്റെ അർധ സെഞ്ചുറിക്ക് കെെയടിക്കുകയായിരുന്നു ഹാർദിക്.

“ഹാർദിക്കിന്റെയും ക്രുണാലിന്റെയും കുടുംബത്തിനു വളരെ അഭിമാനം തോന്നുന്ന നിമിഷമാണിത്, അതോടൊപ്പം അതിവെെകാരികതയും,” അഭിമുഖത്തിനു ശേഷം മുരളി കാർത്തിക് പറഞ്ഞത്.

Image

കഴിഞ്ഞ ജനുവരിയിലാണ് ക്രുണാൽ-ഹാർദിക് എന്നിവരുടെ പിതാവ് മരിച്ചത്. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തങ്ങളുടെ ക്രിക്കറ്റ് ജീവിതത്തിൽ പിതാവാണ് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയതെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Krunal pandya cries after odi debut video

Next Story
ഏകദിന പരമ്പരയിൽ ജയത്തോടെ തുടക്കം; ഇംഗ്ലണ്ടിനെ 66 റൺസിന് കെട്ടുകെട്ടിച്ച് കോഹ്‌ലിപ്പട
The moderation of comments is automated and not cleared manually by malayalam.indianexpress.com