വെല്ലിങ്ടണ്‍: ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ-ന്യൂസിലൻഡ് ട്വ 20 പരമ്പരക്ക് വെല്ലിങ്ടണില്‍ തുടക്കമായി. ബാറ്റു കൊണ്ടും പന്തുകൊണ്ടും കിവികള്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ 80 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങിന് അയക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്നില്ലായിരുന്നു അവരില്‍ നിന്നും ഇതുപോലൊരു ആക്രമണം. എന്നാല്‍ ടിം സെയ്ഫേര്‍ട്ടും കോളിന് മണ്‍റോയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് ന്യൂസിലൻഡിന് നല്‍കിയത്.
കളിക്കിടെ ക്രുണാല്‍ പാണ്ഡ്യയെ ക്യാച്ച് ചെയ്യുന്നതില്‍ നിന്നും സെയ്ഫേര്‍ട്ട് തടയുന്ന ഒരു ഘട്ടമുണ്ടായി. ഒമ്പതാം ഓവറിലായിരുന്നു സംഭവം. ന്യൂസിലൻഡ് സ്കോര്‍ 87-1 എന്ന നിലയിലായിരുന്നു. വിക്കറ്റ് എടുക്കാന്‍ സാധിക്കാത്തതിന്റെ സമ്മര്‍ദ്ദം ഇന്ത്യന്‍ ബോളര്മാരിലുണ്ടായിരുന്നു. ക്രുണാല്‍ പാണ്ഡ്യയായിരുന്നു ആ ഓവര്‍ എറിയാനെത്തിയത്. കിവീസ് നായകന് കെയ്ന്‍ വില്യംസണ് ക്രീസില്‍. പാണ്ഡ്യ എറിഞ്ഞ പന്ത് വില്യംസണിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത് ഉയര്‍ന്ന് പാണ്ഡ്യയുടെ നേര്‍ക്ക് വന്നു.
പന്ത് ക്യാച്ച് ചെയ്യാനായി തന്റെ വലതു വശത്തേക്ക് ക്രുണാല്‍ ചാടി. എന്നാല്‍ അവിടെ നോണ്‍സ്ട്രൈക്കര്‍ സെയ്ഫേര്‍ട്ട് നില്ക്കുന്നുണ്ടായിരുന്നു. ക്യാച്ചിനായി ചാടിയ പാണ്ഡ്യ സേയ്ഫേര്ട്ടുമായി കൂട്ടി ഇടിച്ചു. ഇതോടെ ക്യാച്ച് നഷ്ടമായി. സുവര്‍ണാവസരം നഷ്ടമായ ക്രുണാല്‍ ദേഷ്യത്തോടെ എഴുന്നേറ്റ് സേയ്ഫേര്ട്ടിന് നേരെ നീങ്ങുകയും അമ്പയറോട് കയര്‍ക്കുകയും ചെയ്തു. ഫീല്‍ഡില്‍ തടസമുണ്ടാക്കിയതിന് സേയ്ഫേര്ട്ടിനെ പുറത്താക്കണമെന്നായിരുന്നു പാണ്ഡ്യയുടെ ആവശ്യം.
— Dhoni Fan (@WastingBalls) February 6, 2019
പക്ഷെ ക്രുണാലിന്റെ അപ്പീല്‍ അമ്പയര്‍ ചെവിക്കൊണ്ടില്ല. നായകന് രോഹിത് ശര്‍മ്മ ഇടപെട്ടിട്ടും അമ്പയര്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഐസിസി നിയമ പ്രകാരം സേയ്ഫേര്ട്ട് മനഃപൂര്‍വ്വം ഫീല്‍ഡിങ് തടസ്സപ്പെടുത്തുകയല്ലായിരുന്നു എന്നതിനാലാണ് അമ്പയര്‍ വിക്കറ്റ് നല്‍കാതിരുന്നത്.