മുംബൈ: തോറ്റെങ്കിലും തലയുര്‍ത്തി തന്നെയാണ് ഇന്ത്യന്‍ ആരോസ് മുംബൈ സിറ്റിയ്‌ക്കെതിരായ സൂപ്പര്‍ കപ്പ് യോഗ്യതാ മൽസരത്തിന് ശേഷം മടങ്ങിയത്. മുംബൈ ടീമിനെ യുവനിര വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. അതില്‍ പ്രധാന പങ്ക് വഹിച്ചത് മലയാളി താരം കെ.പി.രാഹുല്‍ എന്ന തൃശൂരുകാരനായിരുന്നു.

രാഹുലിന്റെ മാസ്‌മരിക ഗോളിന്റെ ബലത്തിലായിരുന്നു ഇന്ത്യന്‍ ആരോസ് മൽസരത്തില്‍ നേരത്തെ തന്നെ ലീഡ് നേടിയത്. നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിലും കളിച്ചിട്ടുള്ള രാഹുല്‍ ഐ ലീഗിന്റെ ഈ സീസണില്‍ ആരോസിനായി രണ്ട് ഗോളുകള്‍ നേടുകയും ചെയ്തിരുന്നു.

അതിമനോഹരമായ ഗോളിലൂടെയായിരുന്നു രാഹുല്‍ മുംബൈ നിരയേയും ഗ്യാലറിയേയും ഞെട്ടിച്ചത്. അനികേത് ജാദവില്‍ നിന്നും ലഭിച്ച പന്ത് മുംബൈ നായകന്‍ ലൂസിയനെ കബളിപ്പിച്ചു കൊണ്ട് ഫ്‌ളിക്ക് ചെയ്യുകയായിരുന്നു രാഹുല്‍. എന്താണ് സംഭവിച്ചതെന്ന് ലൂസിയാന് മനസിലാകുംം മുമ്പ് പന്ത് ലൂസിയാനേയും മറികടന്ന് പോയിരുന്നു. ഈ സമയം കൊണ്ട് തനിക്കാവശ്യമായ സ്‌പേസ് കണ്ടെത്തിയ രാഹുല്‍ തിരിഞ്ഞ് പന്തിനരികിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

മുംബൈ താരം അമരീന്ദര്‍ രാഹുലിനെ തടയാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമത്തെ നിഷ്‌പ്രഭമാക്കി കൊണ്ട് രാഹുല്‍ മുംബൈയുടെ ഗോള്‍മുഖത്ത് വെടിയുതിര്‍ക്കുകയായിരുന്നു. നിലത്തു വീണ കിടന്ന രാഹുലിനെ ഇന്ത്യന്‍ ആരോസ് താരങ്ങള്‍ ഓടി വന്ന് പൊതിയുമ്പോഴും ആ മനോഹര കാഴ്ചയുടെ ഹാങ് ഓവറിലായിരുന്നു ഗ്യാലറിയും എതിര്‍ ടീം താരങ്ങളും.

രാഹുല്‍ തന്നെയായിരുന്നു മൽസരത്തിലെ ഹീറോയും. ഇന്ത്യന്‍ ആരോസിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് രാഹുല്‍. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ആരോസ് തങ്ങളുടെ ആദ്യ ഐ ലീഗ് സീസണ്‍ അവസാനിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ