കോ​ഴി​ക്കോ​ട്: ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വീണ്ടും വിജയക്കുതിപ്പ്. പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്ന ശേഷം മലയാളക്കരയിൽ ആദ്യമായി പന്ത് തട്ടിയ കെപി രാഹുൽ കളം നിറഞ്ഞ് കളിച്ചപ്പോൾ അത് കോഴിക്കോടിന്റെ ഫുട്ബോൾ ലഹരിയെ ആളിക്കത്തിച്ചു. രാഹുൽ നൽകിയ ക്രോസിൽ അഭിജിത്ത് സർക്കാർ നേടിയ ഒറ്റ ഗോളിലാണ് ഇന്ത്യൻ ആരോസ് ഗോകുലം എഫ് സിയെ പരാജയപ്പെടുത്തിയത്.

നേരത്തേ ഗോകുലം എഫ് സിയോട് സ്വന്തം ഗ്രൗണ്ടിൽ വാങ്ങിയ തോൽവിക്കുളള പകരംവീട്ടൽ കൂടിയായി ഇത്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ ഗോകുലം എഫ് സിയ്ക്ക് ആയിരുന്നു കളിയിൽ മുൻതൂക്കം. കളിസമയത്തിന്റെ 67 ശതമാനം സമയവും പന്ത് സ്വന്തം കാലിൽ നിർത്താൻ ഗോകുലം താരങ്ങൾക്കായി. എന്നാൽ ലഭ്യമായ അവസരങ്ങളൊന്നും ഗോളാക്കാൻ ഗോകുലം താരങ്ങൾക്ക് സാധിച്ചില്ല.

രണ്ടാം പകുതിയിൽ മറ്റൊരു ഇന്ത്യൻ ആരോസിനെയാണ് ഗോകുലം താരങ്ങൾ കണ്ടത്. കൗമാരപ്പട കളിയുടെെ നിയന്ത്രണം ഏറ്റെടുത്ത് മുന്നേറി. നിരന്തരം ഗോകുലത്തിന്റെ ഗോൾമുഖത്തേക്ക് ഇരച്ചുകയറിയ ആരോസ് സംഘം ഗോൾ എന്ന് തോന്നിപ്പിച്ച അനേകം മുന്നേറ്റങ്ങൾ നടത്തി. 76ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെയായിരുന്നു രാഹുലിന്റെ മുന്നേറ്റം.

ഗോകുലത്തിന്റെ പ്രതിരോധ താരങ്ങളെ വെട്ടിച്ച് കുതിച്ച ബോക്സിനുള്ളിൽ കടന്നു. ഇവിടെ നിന്നാണ് അഭിജിത്ത് സർക്കാരിന് പന്ത് കൈമാറിയത്. സമയം കളയാതെ അഭിജിത്ത് തൊടുത്ത ഷോട്ട് ഗോകുലത്തിന് പരാജയത്തിന്റെ വാതിൽ തുറന്നു. ഗോളിന്റെ ഫുൾ ക്രഡിറ്റും രാഹുലിന് നൽകിയാണ് ആരോസ് താരങ്ങൾ വിജയം ആഘോഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ