അണ്ടര്‍ പതിനേഴ്‌ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ കൗമാരങ്ങള്‍ പരാജയപ്പെട്ടത്. സ്വന്തം മണ്ണില്‍ പരാജയപ്പെട്ടു എങ്കിലും വളരെ മികച്ചോരു പ്രകടനം തന്നെയാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങള്‍ കാഴ്ചവെച്ചത്.

ടീമിലെ ഒന്നിലേറെ താരങ്ങള്‍ അവരുടെ പ്രകടനമികവില്‍ എടുത്തുനിന്നു. ഏക മലയാളി താരമായ രാഹുല്‍ പ്രതിരോധത്തിലും മധ്യനിരയിലും തീര്‍ത്ത ചലനങ്ങള്‍ എടുത്തു പറയേണ്ടതാണ്. എങ്കിലും രാജ്യത്തെ ഫുട്ബോള്‍ ആരാദകരുടെ കണ്ണുകള്‍ ഏറെ ഉടക്കിയത് ഇടതു വിങ്ങില്‍ അമേരിക്കന്‍ പ്രതിരോധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ട് എണ്ണയിട്ട യന്ത്രം പോലെ കുതിച്ച സുവര്‍ണമുടിക്കാരനായ സ്ട്രൈക്കറിലാണ്. കാഴ്ചയിലും കളിയിലും ബ്രസീല്‍ താരം നെയ്മറിനെ അനുസ്മരിപ്പിച്ച ഈ താരം ഇന്ത്യന്‍ ഫുട്ബാളിന്‍റെ നാളെയാണ് എന്ന്‍ ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. കാല്‍പന്തുകളി ആരാധകരെ ഒരേപോലെ ആകര്‍ഷിച്ച ഈ വാഗ്ദാനം ആരെന്നു ഒരുപോലെ ചികയുകയാണ് ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകരും വിദഗ്ദരും.

ഫുട്ബാള്‍ ഇതിഹാസം ബൈചുങ് ബൂട്ടിയയുടെ കൂടി നാടായ സിക്കിമിലെ ഒരു ചെറിയ തുയ്യല്‍കടയില്‍ നിന്നാണ് കോമള്‍ തട്ടാലിന്‍റെ കഥ ആരംഭിക്കുന്നത്. തയ്യല്‍ക്കാരാണ് കോമളിന്‍റെ രക്ഷിതാക്കള്‍ ഇരുവരും. ഇന്ത്യന്‍ ഫുട്ബാളില്‍ കോമളെന്ന പയ്യന്‍ പരിചിതനായിട്ട് അധികമായില്ല. കഴിഞ്ഞവര്‍ഷം ബ്രസീലിനെതിരെ കളിച്ച ബ്രിക്സ് രാഷ്ട്രങ്ങളുടെ ടൂര്‍ണമെന്റിലാണ് കോമള്‍ ആദ്യമായി ഇന്ത്യന്‍ ജേഴ്സിയണിയുന്നത്. ലോകശ്രദ്ധ മുഴുവന്‍ ബ്രസീല്‍ ടീമിലേക്കായിരുന്ന മത്സരത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഗോള്‍ നേടിയ ഒരേയൊരു താരം കോമള്‍ ആയിരുന്നു. ഈ സിക്കിംകാരന്‍ വിങ്ങ് ഫോര്‍വേര്‍ഡ് പൊസിഷനില്‍ ഉണ്ടാക്കുന്ന ചലനവും താരത്തിന്‍റെ സ്ഥിരതയും കോച്ചിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നത് ഗോവയില്‍ നടന്ന ഈ അണ്ടര്‍ പതിനേഴ്‌ ടൂര്‍ണമെന്റിലാണ്. ഈ ലോകകപ്പിനായി ഇന്ത്യയിലെത്തിയ അതെ ബ്രസീല്‍ നിരയ്ക്കെതിരെയായിരുന്നു കോമളിന്‍റെ ഗോള്‍. ഇടതുവിങ്ങില്‍ പന്തു കൈവശപ്പെടുത്തിയ കോമള്‍ രണ്ടു ഡിഫണ്ടര്‍മാരെ വെട്ടിച്ച ശേഷമാണ് വലതു കാലിലെടുത്ത ഷോട്ടില്‍ ഗോള്‍ നേടുന്നത്. അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡില്‍ കളിച്ചുകൊണ്ടിരുന്ന കോമാളിനെ വിങ്ങ് ഫോര്‍വേഡ് പൊസിഷനിലേക്ക് മാറ്റാനും സ്ഥിരപ്പെടുത്താനും ആ ഒരു പ്രകടനം തന്നെ ധാരാളമായിരുന്നു.

Read More : ഫിഫ അണ്ടര്‍ പതിനേഴ്‌ ലോകകപ്പ് : ഇന്ത്യ X അമേരിക്ക കമന്‍ററി
വെള്ളിയാഴ്ച നടന്ന കളിയില്‍ തൊണ്ണൂറു മിനുട്ടുകള്‍ക്കള്‍ക്ക്‌ അവസാനം മൈതാനത്തില്‍ നിന്നും അവസാനമൊഴിഞ്ഞ താരം കോമള്‍ ആയിരുന്നു. ഗോള്‍ നേടിയില്ലെന്നതൊഴിച്ചു നിര്‍ത്തിയാല്‍ മാസ്മരികമായ പാസുകള്‍ നല്‍കിയും മികവുറ്റ അവസരങ്ങള്‍ക്ക് വഴിയൊരുക്കിയും അമേരിക്കന്‍ പ്രതിരോധത്തെ നിരന്തരം ആലോസരപ്പെടുത്തിയും കോമള്‍ നടത്തിയ പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്. അതിനാല്‍ തന്നെയാണ് മറ്റാര്‍ക്കും ലഭിക്കാത്തത്രയും കരഘോഷത്തോടെ മൈതാനമൊഴിയുന്ന കോമളിനെ ഗാലറി വരവേറ്റതും. ഡ്രസ്സിങ്ങ് റൂമിലേക്ക് പോവുകയായിരുന്ന കോമളിനെ വഴിയിലുടനീളം തങ്ങളുടെ സെല്‍ഫിയില്‍ ഭാഗമാകാന്‍ ആരാധകര്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. അത് നിഷേധിക്കാനാകാതെ മിശ്രപ്രതികരണവുമായി നിന്ന പതിനാറുകാരനെ ഇടയില്‍ വന്ന ഫിഫയിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി കൊണ്ടുപോയി.

അഭ്യൂഹങ്ങള്‍ വിശ്വസിക്കുകയാണ് എങ്കില്‍, പുതിയ താരങ്ങളെ തിരയാന്‍ അണ്ടര്‍ പതിനേഴ്‌ ലോകകപ്പിനെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സംഘം കോമള്‍ തട്ടാല്‍ എന്ന പ്രതിഭയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വരുന്ന കളികളിലും അവരുടെ കണ്ണ് നെയ്മറിനോട് സാമ്യമുള്ള ഈ സുവര്‍ണമുടിക്കാരനിലാവും. ഇനി മാഞ്ചസ്റ്റര്‍ റാഞ്ചിയാലും ഇല്ലെങ്കിലും ഒരുകാര്യം തീര്‍ച്ചയാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ഈ സുവര്‍ണമുടിക്കാരന്‍റെ കാലുകളില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ ചെറുതല്ല. ആ ചിറകുകളിലേന്തി ഇന്ത്യ കുതിക്കുക തന്നെ ചെയ്യും. !

Read More: ബ്രസീൽ ജർമ്മനിയോട് തോറ്റതിനേക്കാൾ എത്രയോ ഭേദം; ഇന്ത്യയ്ക്ക് അഭിമാനിക്കാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ