ചടുലമായ നീക്കങ്ങൾകൊണ്ടും വേഗതകൊണ്ടും ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ വേഗം ഇടം പിടിച്ച കൗമാരതാരമാണ് കോമാൾ തട്ടാൽ. ഫിഫ അണ്ടര്‍ 17 ലോകകപ്പിന് മുമ്പേ ഇന്ത്യന്‍ നിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരത്തെ ഭാവി ഇന്ത്യൻ വാഗ്ദാനമായി വിലയിരുത്തപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ എറ്റികെയിലെത്തിയ തട്ടാലിന് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കോച്ച് സ്റ്റീവ് കോപ്പൽ.

ഈ സീസണില്‍ തുടക്കം മുതൽ കൊൽക്കത്തക്കായി തട്ടാല്‍ കളത്തിലിറങ്ങുമെന്നാണ് കോപ്പൽ പറയുന്നത്. ഒരു മത്സരത്തില്‍ മാത്രമല്ല മിക്കവാറും എല്ലാ മത്സരങ്ങളിലും യുവതാരത്തിന് ടീമില്‍ സ്ഥാനമുണ്ടാകുമെന്നാണ് കോപ്പല്‍ പറയുന്നു. യുവതാരത്തിന്റെ കളി തന്നെ അത്ഭുതപ്പെടുത്തിയെന്നും കോപ്പല്‍ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സിന് എതിരായ മത്സരത്തിനു മുമ്പ് മാധ്യമങ്ങളുമായി സംസാരിക്കവേയാണ് കോപ്പൽ ടീമിൽ തട്ടാലിന്റെ സ്ഥാനം വ്യക്തമാക്കിയത്. തങ്ങളുടെ ഗെയിംപ്ലാനില്‍ തട്ടാലിന് വലിയ സ്ഥാനമുണ്ട്. പ്രീസീസണില്‍ നന്നായി പന്തുതട്ടാന്‍ കോമളിന് സാധിച്ചു. വെറും 18 വയസ് മാത്രമാണ് അവനുള്ളത്. അതുകൊണ്ട് തന്നെ ഭാവിയില്‍ നല്ലൊരു താരത്തെ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷിക്കാം- കോപ്പല്‍ പറയുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സിനെതിരേ തട്ടാല്‍ കളിക്കുമോയെന്ന് കോച്ച് വ്യക്തമാക്കിയില്ല.

നിരവധി ഐഎസ്എല്‍-ഐലീഗ് ക്ലബുകളാണ് ലോകകപ്പിന് ശേഷം താരത്തെ സമീപിച്ചത്. എന്നാൽ കൊല്‍ക്കത്തയുമായി താരം കരാരിലെത്തുകയായിരുന്നു. ടീമിലെത്തിയെങ്കിലും അന്തിമ ഇലവണിൽ താരത്തിന് ഇടം ലഭിക്കുമോയെന്ന സംശയം ശക്തമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത നൽകിയിരിക്കുകയാണ് കോച്ച് തന്നെ. ചെറിയ പ്രായത്തിലെ ലോകോത്തര താരങ്ങളുമായി കളിക്കാൻ ലഭിക്കുന്ന അവസരം താരത്തിനും ഇന്ത്യൻ ഫുട്ബോളിനും ഏറെ ഗുണം ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook