ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിലെ അവസാന ദിനം സമയം വൈകിപ്പിക്കാന്‍ അതിഥികള്‍ കാണിച്ച നടപടിയില്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രതിഷേധം അറിയിച്ചു. ആദ്യ ദിനത്തിലെ ദയനീയ വീഴ്ച്ചയ്ക്ക് ശേഷം ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യ വിജയം കൈപിടിയില്‍ ഒതുക്കാനായി പരിശ്രമിക്കവെയാണ് അധാര്‍മ്മികമായ തന്ത്രങ്ങളിലൂടെ ലങ്കന്‍ താരങ്ങള്‍ സമനിലയ്ക്ക് ശ്രമിച്ചത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ഗംഭീര പ്രകടനത്തിന് പിന്നാലെ ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ലങ്കന്‍ ബാറ്റ്സമാന്‍മാരെ വെളളം കുടിപ്പിച്ചു. എന്നാല്‍ നിരോഷന്‍ ഡിക്വെല്ല സമയം വൈകിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതോടെയാണ് കളി മാറിയത്. അവസാനദിനം വെളിച്ചം പോകും മുമ്പ് പതറിയ ലങ്കന്‍ താരങ്ങളെ എറിഞ്ഞിടാനായിരുന്നു സമയം പാഴാക്കാതെ ഇന്ത്യന്‍ താരങ്ങള്‍ പന്തെറിഞ്ഞത്. 19ാം ഓവറില്‍ ഷെമി പന്തെറിയാന്‍ ഓടിവന്ന സമയത്ത് ഡിക്വെല്ല ക്രീസില്‍ തയ്യാറായി നിന്നത് പോലുമില്ല.

ഉടന്‍ തന്നെ ഷെമി തന്റെ അതൃപ്തി ഇന്ത്യന്‍ നായകനേയും ലങ്കന്‍ ബാറ്റ്സ്മാനേയും അറിയിക്കുകയും ചെയ്തു. ഡിക്വെല്ലയെ രൂക്ഷമായി നോക്കിയ ഷെമി ഒരു ഘട്ടത്തില്‍ കടുത്ത അമര്‍ഷത്തോടെ ഡിക്വെല്ലയെ സമീപിച്ചു. സത്യസന്ധമല്ലാത്ത മാര്‍ഗത്തിലൂടെ അല്ല ക്രിക്കറ്റ് കളിക്കേണ്ടതെന്ന് ഷെമി ഡിക്വെല്ലയെ അറിയിച്ചു. എന്നാല്‍ താനല്ല പിച്ചാണ് കാരണക്കാരനെന്നായിരുന്നു ലങ്കന്‍ താരത്തിന്റെ മറുപടി. അംബയര്‍മാര്‍ ഇടപെട്ട് വാക്ക് കൊണ്ടുളള യുദ്ധത്തില്‍ നിന്നും ഇവരെ പിന്തിരിപ്പിച്ചു.

എന്നാല്‍ കോഹ്ലിയും ഇടപെട്ട് അംബയര്‍മാരോട് അസംതൃപ്തി അറിയിച്ചു. അവസാനം ഡിക്വെല്ല കോഹ്ലിയോട് ക്ഷമാപണം നടത്തി ക്രിസീലേക്ക് തിരിഞ്ഞു.

ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് എ​ട്ടു വി​ക്ക​റ്റി​ന് 352 എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്തതോടെ ശ്രീ​ല​ങ്ക​യ്ക്ക് മു​ന്നി​ൽ 231 റ​ൺ​സ് എന്ന വി​ജ​യ​ല​ക്ഷ്യമാണ് ഉ‍​യ​ർന്നത്.

പിന്നാലെ ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക റണ്‍സ് നേടാന്‍ ബുദ്ധിമുട്ടി. അവസാന ദിനമായ ഇന്ന് വെളിച്ചം മങ്ങാന്‍ വേണ്ടിയെന്നോണം ശ്രീലങ്കന്‍ താരങ്ങള്‍ സമയം വൈകിപ്പിച്ചത് ഇന്ത്യന്‍ താരങ്ങളുടെ നെറ്റി ചുളിപ്പിച്ചു. പിന്നാലെ മകച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ ലങ്കന്‍ ബൗളര്‍മാരെ എറിഞ്ഞിട്ടു.

എന്നാല്‍ 7 വിക്കറ്റിന് 75 എന്ന നിലയില്‍ എത്തി നില്‍ക്കെ ശ്രീലങ്കന്‍ നായകന്‍ വെളിച്ചക്കുറവ് ഉണ്ടെന്ന് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു.

കോ​ഹ്‌​ലി​യും(104) ഷ​മി​യും(12) പു​റ​ത്താ​കാ​തെ നി​ന്നു. 119 പന്തുകളിൽനിന്നാണ് കോഹ്‌ലി സെഞ്ചുറി (104) നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്‌ലിയുടെ 18-ാം സെഞ്ചുറിയാണിത്. കരിയറിൽ കോഹ്‌ലിയുടെ 50-ാം സെഞ്ചുറിയും. ഏകദിനത്തിൽ 32 സെഞ്ചുറിയും ടെസ്റ്റിൽ 18 സെഞ്ചുറികളുമാണ് കോഹ്‌ലി അടിച്ചു കൂട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ