കൊല്‍ക്കത്ത: ഐ.പി.എല്‍ പൂരത്തിന് കൊടിയേറാന്‍ ഇനി ബാക്കിയുള്ളത് നാളുകള്‍ മാത്രമാണ്. എല്ലാ ടീമുകളും ടൂര്‍ണമെന്റിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ഒരു ടീമിന്റെ കാര്യത്തില്‍ ആശങ്കകള്‍ ബാക്കിയാണ്. രണ്ട് വട്ടം ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തങ്ങളുടെ നായകന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരേയും പ്രഖ്യാപനമൊന്നും കൊല്‍ക്കത്ത നടത്തിയിട്ടില്ല.

ആരാധകര്‍ക്ക് തങ്ങളുടെ നായകന്‍ ആരായിരിക്കണമെന്ന് അഭിപ്രായം രേഖപ്പെടുത്താനുള്ള വോട്ടിംഗും കൊല്‍ക്കത്ത ടീം നടത്തിയിരുന്നു. നായകനായിരുന്ന ഗൗതം ഗംഭീര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് മടങ്ങി പോയതോടെയാണ് പുതിയ നായകനാരാകും എന്ന ആലോചന ഉടലെടുക്കുന്നത്. ഗംഭീറിനോളം വലിയൊരു താരം ടീമില്ലില്ലാത്തതാണ് കൊല്‍ക്കത്തയെ വലയ്ക്കുന്നത്.

ആരാധകരുടേയും താരങ്ങളുടേയും ഈ ആശങ്കയെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് ടീമുടമകളായ ജൂഹി ചൗളയുടേയും ഷാരൂഖ് ഖാന്റേയും തീരുമാനം. വളരെ വ്യത്യസ്തമായ രീതിയില്‍ തങ്ങളുടെ നായകനെ പ്രഖ്യാപിക്കാനാണ് കൊല്‍ക്കത്ത ടീമിന്റെ തീരുമാനം. മാര്‍ച്ച് നാലിന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലൂടെ ലൈവായി തങ്ങളുടെ നായകനെ കൊല്‍ക്കത്ത പ്രഖ്യാപിക്കും.

നേരത്തെ കൊല്‍ക്കത്തയുടെ നായകനാവുക ദിനേശ് കാര്‍ത്തിക്കോ റോബിന്‍ ഉത്തപ്പയോ ആയിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ്വ് ഗാംഗുലി പറഞ്ഞിരുന്നു.

‘ഇപ്പോഴത്തെ ടീമില്‍ റോബിന്‍ ഉത്തപ്പയും ദിനേശ് കാര്‍ത്തിക്കുമാണ് സാധ്യതയുള്ളവര്‍. ക്രിസ് ലിന്നിനെ തെരഞ്ഞെടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം മിക്ക ടീമുകളും ക്യാപ്റ്റനായ വിദേശ താരത്തെ തെരഞ്ഞെടുക്കാന്‍ മടി കാണിക്കാറുണ്ട്. എന്തായാലും ഗംഭീറിന് നല്‍കിയ പ്രാധാന്യം അവര്‍ പുതിയ നായകനും നല്‍കണം.’ എന്നായിരുന്നു ദാദയുടെ പ്രതികരണം.

‘ കളിക്കളത്തിലെ പെരുമാറ്റമെന്ന പോലെ പുറത്തും ടീമിന് വലിയ മുതല്‍ക്കൂട്ടമാകുന്ന ഒരാളെയാണ് ആവശ്യം. ടീമില്‍ സൗഹൃദം അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നായകനുള്ള പ്രാധാന്യം വളരെ വലുതാണ്. താരങ്ങളുടെ സ്വാഭാവമൊക്കെ കൃത്യമായി അറിയാന്‍ കഴിയണം.’ എന്നായിരുന്നു നായകനെങ്ങനെ ആകണമെന്നതിനെ കുറിച്ച് അസിസ്റ്റന്റ് കോച്ച് സിമണ്‍ കാറ്റിച്ചിന്റെ അഭിപ്രായം.

ഏപ്രില്‍ 7നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. മുംബൈയും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. അതേസമയം ഏപ്രില്‍ എട്ടിന് വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് കൊല്‍ക്കത്തയുടെ ആദ്യ എതിരാളികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook