Kolkata Knight Riders 2019 Full Team Players List: രണ്ട് വട്ടം ഐപിഎല്‍ കിരീം ഉയര്‍ത്തിയിട്ടുണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കഴിഞ്ഞ സീസണില്‍ മൂന്നാമതായാണ് കളി അവസാനിപ്പിച്ചത്. രണ്ടാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടായിരുന്നു പരാജയപ്പെട്ടത്. ഒറ്റ നോട്ടത്തില്‍ വമ്പന്‍ താരങ്ങളെയൊന്നും കെകെആറിന്റെ ടീം ലിസ്റ്റില്‍ കണ്ടില്ലെന്ന വരാം. എന്നാല്‍ ഒരു ടീമായി, ഒത്തൊരുമിച്ച് കളിക്കാന്‍ സാധിക്കുന്നു എന്നതാണ് കൊല്‍ക്കത്തയെ കരുത്തരാക്കുന്നത്.
ഗംഭീര്‍ ടീം വിട്ടതോടെ അപ്രതീക്ഷതമായിട്ടായിരുന്നു കഴിഞ്ഞ വര്‍ഷം ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്തയുടെ നായകനാകുന്നത്. പക്ഷെ, പ്രതീക്ഷകള്‍ തെറ്റിക്കുന്നതായിരുന്നു കൊല്‍ക്കത്തയുടെ പ്രകടനവും ദിനേശിന്റെ നായകത്വവും. ഇത്തവണ ദിനേശ് കാര്‍ത്തിക്കിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഐപിഎല്‍. മുന്നിലുള്ളത് പലവട്ടം കൈ അകലത്തെത്തിയിട്ടും നഷ്ടമായ ലോകകപ്പ് ടീമിലേക്കുള്ള അവസരമാണ്.
ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്നും വിന്‍ഡീസ് താരം സുനില്‍ നരേയ്‌നുമാണ് ഓപ്പണര്‍മാരുടെ റോളിലെത്തുക. ആശ്ചര്യപ്പെടുത്തുന്ന ജോഡി. സ്പിന്നറായ നരേനെ ഓപ്പണറായി അവതരിപ്പിച്ച തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ വെടിക്കെട്ട് ബാറ്റിങിലൂടെ തന്റെ ദൗത്യം നരേന്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇക്കൊല്ലവും നരേനെ ഓപ്പണിങില്‍ ഇറക്കുമോ എന്നത് കണ്ടറിയണം.
ബാറ്റിങിലെ കരുത്ത് ദിനേശ് കാര്‍ത്തിക് എന്ന ഫിനിഷറുടെ സാന്നിധ്യമാണ്. ഇന്ത്യയ്ക്കായും കൊല്‍ക്കത്തയ്ക്കായും മത്സരങ്ങള്‍ ജയിക്കാന്‍ കാര്‍ത്തികിന് സാധിച്ചിട്ടുണ്ട്. ലോകകപ്പ് ടീമിലേക്കുള്ള ക്ഷണം ലഭിക്കാനുള്ള ദിനേശ് കാര്‍ത്തിക്കിന് മുന്നിലുള്ള അവസാന അവസരമാണിത്. കഴിഞ്ഞ ഐപിഎല്ലിലും താരം നന്നായി കളിച്ചിരുന്നു. മികച്ച ഫോമിലുമാണ്. ഭാവി താരം ഷുബ്മാന്‍ ഗില്ലും ആരാധകര്‍ ഉറ്റു നോക്കുന്ന താരമാണ്. വീന്‍ഡീസ് കൂറ്റനടിക്കാരായ ആന്ദ്ര റസല്‍, കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് എന്നിവരുടെ പ്രകടനം ഏറെ നിര്‍ണായകമാകും.
ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ബൗളര്‍മാരിലൊരാളാണ് സുനില്‍ നരേന്‍. ഗംഭീറിന്റെ കീഴില്‍ കൊല്‍ക്കത്ത നേടിയ രണ്ട് കിരീടങ്ങളിലും നരേന്റെ പങ്ക് വളരെ വലുതായിരുന്നു. 98 മത്സരങ്ങളില്‍ നിന്നും 112 വിക്കറ്റെടുത്തിട്ടുണ്ട് നരേന്‍. വിന്‍ഡീസിന് സ്പിന്നര്‍ക്കൊപ്പമുള്ളത് ഇന്ത്യയുടെ സമീപ കാലത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ കുല്‍ദീപ് യാദവാണ്. ഇന്ത്യയ്ക്കു വേണ്ടി എതിര്‍താരങ്ങളെ കറക്കി വീഴ്ത്തുന്ന മികവ് കുല്‍ദീപ് ഇക്കുറിയും ആവര്‍ത്തിച്ചാല്‍ നരേന്‍-കുല്‍ദീപ് ജോഡി ഏതൊരു ബാറ്റിങ് നിരയേയും വിറപ്പിക്കുന്നതാകും. വെറ്ററന്‍ സ്പിന്നര്‍ പിയുഷ് ചൗളയുടെ സാന്നിധ്യവും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പാര്‍ട്ട് ടൈം സ്പിന്നര്‍ നിതീഷ് റാണയും ചേരുമ്പോള്‍ മികച്ചൊരു സ്പിന്‍ അറ്റാക്കായി കൊല്‍ക്കത്ത മാറുന്നു.
പേസര്‍മാരില്‍ മുതിര്‍ന്ന താരം റസലാണ്. യുവതാരങ്ങളായ ശിവം മാവി, കംലേഷ് നാഗര്‍കൊട്ടി എന്നിവര്‍ പരുക്കിനെ തുടര്‍ന്ന് പുറത്തായപ്പോള്‍ അവസരം ലഭിച്ചത് മലയാളി താരം സന്ദീപ് വാരിയറിനും കര്‍ണാടക താരം കെസി കരിയപ്പയ്ക്കുമാണ്. ഇരുവര്‍ക്കും കളത്തിലിറങ്ങാനാകുമോ എന്നത് കണ്ടറിയണം. സന്ദീപ് കളിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകര്‍.
മേല്‍പ്പറഞ്ഞത് പോലെ തന്നെ സ്പിന്നാണ് ടീമിന്റെ കരുത്ത്. എന്നാല്‍ പേസ് നിര അത്ര കരുത്തുറ്റതല്ലെന്നത് ടീമിന് ക്ഷീണമാണ്. ലേലത്തില്‍ ടീമിലെത്തിച്ച പേസര്‍മാര്‍ ന്യൂസിലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസണും ബ്രാത്ത്‌വെയ്റ്റുമാണ്.
ടീം: ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, ഷുബ്മാന്‍ ഗില്‍, റിങ്കു സിങ്, നിഖില്‍ നായിക്, ജോ ഡെന്‍ലി, ശ്രീകാന്ത് മുണ്ടേ, കാര്‍ലോസ് ബ്രാത്ത് വെയ്റ്റ്, ആന്ദ്ര റസല്‍, സുനില്‍ നരേന്‍, നിതീഷ് റാണ, പീയുഷ് ചൗള, കുല്‍ദീപ് യാദവ്, സന്ദീപ് വാരിയര്‍, പ്രസിദ് കൃഷ്ണ, ലോക്കി ഫെര്‍ഗൂസണ്‍, ആന്‍ റിച്ച് നോര്‍ച്ചെ, ഹരി ഗര്‍നെ, യാര പൃഥ്വിരാജ്.