വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഹാട്രിക് അടക്കം ആറ് വിക്കറ്റാണ് ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുംറ നേടിയത്. ബുംറയുടെ പന്തുകള്‍ കരീബിയന്‍ ബാറ്റിങ് നിരയെ ഛിന്നഭിന്നമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ജസ്‌പ്രീത് ബുംറ. ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍ എന്നീ താരങ്ങള്‍ക്ക് ശേഷമാണ് ബുംറ ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഒന്‍പതാം ഓവറിലെത്തിയപ്പോഴാണ് ബുംറയുടെ ഹാട്രിക് നേട്ടം. ഒന്‍പതാം ഓവറിന്റെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയാണ് ബുംറ ഹാട്രിക് നേട്ടത്തിലേക്ക് ആരംഭം കുറിച്ചത്. കെ.എല്‍.രാഹുലിന് ക്യാച്ച് നല്‍കി ബ്രാവോ മടങ്ങി. തുടര്‍ന്നുള്ള രണ്ട് പന്തുകളില്‍ ഷമാര്‍ ബ്രൂക്‌സിനെയും റോസ്റ്റണ്‍ ചേസിനെയും ബുംറ പുറത്താക്കി. രണ്ടുപേരെയും എല്‍ബിഡബ്ല്യൂവിന് മുന്നിലാണ് ബുംറ കുടുക്കിയത്. ഇരു താരങ്ങളും സംപ്യൂജ്യരായി മടങ്ങി. ഇതോടെ ബുംറ ഹാട്രിക് നേട്ടം സ്വന്തമാക്കുകയും ചെയ്തു.
Read Also: എന്റെ ലോകം: കോഹ്‌ലിയെക്കുറിച്ച് അനുഷ്ക
എന്നാല്‍, ബുംറ ഹാട്രിക് വിക്കറ്റ് നേടിയതില്‍ നായകന്‍ വിരാട് കോഹ്‌ലി വഹിച്ച പങ്ക് ചെറുതല്ല. ഒരുപക്ഷേ, വിരാട് കോഹ്‌ലി ഡിആര്‍എസ് ആവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍ ഹാട്രിക് വിക്കറ്റ് ബുംറയ്ക്ക് ലഭിക്കില്ലായിരുന്നു. ഹാട്രിക് ബോളിലാണ് വിരാട് കോഹ്‌ലിയുടെ ഇടപെടല്‍ ബുംറയെ രക്ഷിച്ചത്.
റോസ്റ്റണ്‍ ചേസായിരുന്നു ബുംറയുടെ ഹാട്രിക് ബോള്‍ നേരിട്ടത്. രണ്ട് വിക്കറ്റ് തുടര്‍ച്ചയായി സ്വന്തമാക്കിയ ബുംറയ്ക്ക് ചേസിനെ കൂടി വീഴ്ത്തിയാല്‍ ഹാട്രിക് നേട്ടം സ്വന്തമാക്കാം എന്ന അവസ്ഥ. ബുംറ എറിഞ്ഞ പന്ത് ചേസിന്റെ പാഡില്‍ തട്ടിയതായി സംശയം ഉയര്‍ന്നു. എന്നാല്‍, പന്തെറിഞ്ഞ ബുംറയ്ക്ക് സംശയമുണ്ടായിരുന്നു. ഹാട്രിക് ബോള്‍ ആയിരുന്നിട്ട് കൂടി ബുംറ അപ്പീല്‍ ചെയ്തില്ല. കാരണം, അത് എല്‍ബിഡബ്ല്യൂ ആണോ എന്ന കാര്യത്തില്‍ ബുംറയ്ക്ക് സംശയമുണ്ടായിരുന്നു.
Read Also: ‘നിങ്ങള്‍ അതിദയനീയമായി പരാജയപ്പെട്ടു’; ധോണിക്കെതിരെ ആഞ്ഞടിച്ച് വഖാര്‍ യൂനസ്
എങ്കിലും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും സ്ലിപ്പിലുള്ളവരും വിക്കറ്റിനായി വാദിച്ചു. അവര്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ പോള്‍ റൈഫല്‍ നോട്ട് ഔട്ട് എന്ന് വിധിയെഴുതി. ഈ സമയം കൊണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സെക്കന്‍ഡ് സ്ലിപ്പില്‍ നിന്ന് അതിവേഗം വിക്കറ്റിലേക്ക് ഓടിവന്നു. ജസ്പ്രീത് ബുംറയുമായി കോഹ്‌ലി സംസാരിച്ചു. അപ്പോഴെല്ലാം ബുംറയ്ക്ക് സംശയമായിരുന്നു. ഡിആര്‍എസ് വേണമെന്ന് ബുംറ ആവശ്യപ്പെടുന്നതിനും മുന്‍പ് കോഹ്‌ലി ഡിആര്‍എസ് അപ്പീൽ ചെയ്തു. അതൊരു ഏകപക്ഷീയമായ തീരുമാനമായിരുന്നു. കോഹ്‌ലിയുടെ തീരുമാനത്തില്‍ എല്ലാവരും ഞെട്ടി.
കമന്ററി ബോക്‌സിലുണ്ടായിരുന്ന ഇന്ത്യയുടെ മുന്‍ താരം സുനില്‍ ഗവാസ്‌കറും കോഹ്‌ലിയുടെ ഡിആര്‍എസ് തീരുമാനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എന്തുകൊണ്ടാണ് കോഹ്‌ലിക്ക് ഡിആര്‍എസ് അപ്പീല്‍ ചെയ്യാന്‍ തോന്നിയതെന്ന് ഗവാസ്‌കര്‍ കമന്ററി ബോക്‌സിലിരുന്ന് ചോദിച്ചു. എന്നാല്‍, ഡിആര്‍എസ് ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. അത് വിക്കറ്റായിരുന്നു. അതോടെ ജസ്പ്രീത് ബുംറയ്ക്ക് ഹാട്രിക് വിക്കറ്റ് നേട്ടവും സ്വന്തമാക്കാന്‍ സാധിച്ചു.
Read Also: ധോണി ടീമിലുണ്ടാകില്ലെന്ന് അറിയാമായിരുന്നു, പന്തിന് അവസരം നല്‍കാനുള്ള തീരുമാനമാണ് ശരി: ഗാംഗുലി
അതേസമയം, ഒന്നാം ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിലും പിടിമുറുക്കുകയാണ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 416 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത് വെറും 87 റണ്‍സ് മാത്രമാണ്. ഇപ്പോഴും ഇന്ത്യയേക്കാള്‍ 329 റണ്‍സ് പിന്നിലാണ് കരീബിയന്‍സ്. ഹാട്രിക് അടക്കം ആറ് വിക്കറ്റാണ് ഇന്ത്യയ്ക്ക് വേണ്ടി ബുംറ നേടിയത്. മൊഹമ്മദ് ഷമി ഒരു വിക്കറ്റ് നേടി.
നേരത്തെ ഹനുമാന്‍ വിഹാരിയുടെ സെഞ്ച്വറിയും ഇഷാന്ത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടാന്‍ സഹായകമായത്. 16 ഫോറുകള്‍ അടക്കം 111 റണ്‍സാണ് ഹനുമാന്‍ വിഹാരി നേടിയത്. ഇഷാന്ത് ശര്‍മ ഏഴ് ഫോറുകള്‍ അടക്കം 57 റണ്‍സ് നേടി. നായകന്‍ വിരാട് കോഹ്‌ലി (76), ഓപ്പണര്‍ മായാങ്ക് അഗര്‍വാള്‍ (55) എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.