ഓരോ മത്സരത്തിലും റൺസ് നേടുന്നത് പോലെ തന്നെയാണ് കോഹ്‍ലി റെക്കോർഡുകൾ തിരുത്തുന്നതും. ഓസ്ട്രേലിയൻ പര്യടനത്തിലും ആ പതിവ് കോഹ്‍ലി തെറ്റിച്ചില്ല. അഡ്‍ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിലും കോഹ്‍ലി തന്റെ പേരിൽ ഒന്നിലധികം റെക്കോർഡുകൾ എഴുതി ചേർത്തു.

ഓസ്ട്രേലിയൻ മണ്ണിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന താരമായാണ് കോഹ്‍ലി മാറിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോഹ്‍ലി. ഇതിന് മുമ്പ് സച്ചിൻ ടെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മൺ, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഓസ്ട്രേലിയയിൽ 1000 റൺസ് തികച്ച ഇന്ത്യൻ താരങ്ങൾ.

18 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്‌ലി 1000 റൺസ് തികച്ചത്. ഓസ്ട്രേലിയയിൽ നാല് ഇംഗ്ലീഷ് താരങ്ങൾ മാത്രമാണ് കോഹ്‍ലിയേക്കാൾ വേഗത്തിൽ ഈ നേട്ടം കൈവരിച്ചവർ. വരുന്ന മത്സരങ്ങളിലും തിളങ്ങാനായാൽ റൺവേട്ടയിൽ രാഹുലിനെയും ലക്ഷ്മണിനെയും മറികടന്ന് മുന്നിലെത്താൻ കോഹ്‍ലിക്കാകും. ലക്ഷ്മൺ 1,236 റൺസും, ദ്രാവിഡ് 1,143 റൺസുമാണ് ഓസ്ട്രേലിയയിൽ നേടിയിരിക്കുന്നത്. 1,809 റൺസാണ് സച്ചിന്റെ ഓസ്ട്രേലിയയിലെ സമ്പാദ്യം.

അതേസമയം, വിദേശമണ്ണിൽ നായകനെന്ന നിലയിലും 2000 റൺസും കോഹ്‍ലി തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ നായകനാണ് കോഹ്‍ലി. രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ നായകനും. അലൻ ബോർഡർ, റിക്കി പോണ്ടിങ്, ഗ്രെയിം സ്മിത്ത്, അലിസ്റ്റർ കുക്ക് എന്നിവരാണ് 2000 റൺസ് തികച്ച മറ്റ് നായകന്മാർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ