16 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാറ്റ്‍വെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ നായകനായിരുന്ന സൗരവ് ഗാംഗുലി ഷര്‍ട്ടൂരി വീശിയത് ഒരു ഇന്ത്യന്‍ ആരാധകനും അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. എന്നാല്‍ 2019ലെ ക്രിക്കറ്റ് ലോകകപ്പ് ജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഷര്‍ട്ടൂരി വീശുക മാത്രമല്ല, ലണ്ടനിലെ പ്രശസ്തമായ ഓക്സ്ഫോര്‍ഡ് തെരുവിലൂടെ അര്‍ദ്ധനഗ്നനായി നടക്കുകയും ചെയ്യും. ഗാംഗുലിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതെങ്കിലും അപ്രകാരം ചെയ്യാമെന്ന് കോഹ്ലിയും സമ്മതിച്ചു.

‘നിങ്ങളോട് എനിക്ക് ഒരു കാര്യം ഉറപ്പ് പറയാന്‍ കഴിയും. 2019ല്‍ ലോഡ്സില്‍ വെച്ചുളള ലോകകപ്പ് ഇന്ത്യ ജയിക്കുകയാണെങ്കില്‍ നമ്മള്‍ നമ്മുടെ ക്യാമറ തയ്യാറാക്കി വെക്കണം, സിക്സ് പാക്കുളള അദ്ദേഹം ട്രോഫിയും കൈയിലേന്തി ഷര്‍ട്ടൂരി ഓക്സ്ഫോര്‍ഡ് തെരുവിലൂടെ നടന്നാല്‍ ഞാന്‍ അത്ഭുതപ്പെടില്ല’, ഇതായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. കൂടാതെ ഹാര്‍ദിക് പാണ്ഡ്യയും ഷര്‍ട്ടയിച്ച് കോഹ്ലിക്ക് പിന്നാലെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘120 ശതമാനം ഞാന്‍ സമ്മതിക്കുന്നു’, എന്നായിരുന്നു കോഹ്ലി മറുപടി പറഞ്ഞത്. കൂടാതെ തന്റെ കൂടെ മറ്റ് താരങ്ങളും ഉണ്ടാകുമെന്ന് കോഹ്ലി പറഞ്ഞു. ‘ഞാന്‍ മാത്രമല്ല ടീമില്‍ സിക്സ് പാക്കുളള താരം. ഹാര്‍ദിക് പാണ്ഡ്യ, ബൂമ്ര എന്നിവര്‍ക്കൊക്കെ സിക്സ് പാക്കുണ്ട്. ഞങ്ങള്‍ എല്ലാവരും ഷര്‍ട്ടൂരി നടക്കും’, കോഹ്ലി പറഞ്ഞു.

ലോകകപ്പ് ജയിക്കാനുളള എല്ലാ കഴിവും കോഹ്ലിയുടെ കുട്ടികള്‍ക്കുണ്ടെന്ന് ഗാംഗുലി പറഞ്ഞു. 2014ലെ ഇംഗ്ലണ്ട് ടൂറിലെ തകര്‍ച്ചയ്ക്ക് ശേഷം കോഹ്ലി ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ ഷര്‍ട്ടൂരിയത് തന്റെ ജീവിതത്തില്‍ നടന്ന മികച്ച സംഭവമാണെന്ന് ഗാംഗുലി പറഞ്ഞു. ‘ഞാന്‍ ഷര്‍ട്ട് ഊരിയപ്പോള്‍ ലക്ഷ്മണന്‍ അത് വലിച്ച് താഴെ ഇടാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ എന്ത് ചെയ്യണമെന്ന് ഹര്‍ഭജന്‍ ചോദിച്ചത്. നീയും ഷര്‍ട്ടൂരി വീശെന്ന് ഞാന്‍ പറഞ്ഞു’, ഗാംഗുലി ഓര്‍ത്തെടുത്തു.

ഗാംഗുലിയുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും സംഭവ ബഹുലമായ കാര്യങ്ങളിലൊന്ന് 2002 ലെ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനൽ വിജയത്തിന് ശേഷം അദ്ദേഹം നടത്തിയ ആഘോഷമാണ്. അന്ന് സഹീർ ഖാൻ ഇന്ത്യയുടെ വിജയ റൺ നേടുമ്പോൾ ലോർഡ്സിന്റെ ബാൽക്കണിയിൽ നിന്ന് താൻ ധരിച്ചിരുന്ന ഷർട്ടൂരി കറക്കിയ ഗാംഗുലിയുടെ ആഘോഷം ക്രിക്കറ്റ് ലോകത്ത് പിന്നീട് വലിയ വാർത്തയായിരുന്നു.. ആന്‍ഡ്ര്യൂ ഫ്ലിന്റോഫ് സമാനമായ രീതിയില്‍ ഇന്ത്യയില്‍വെച്ച്‌ ഇന്ത്യയെ കീഴടക്കിയപ്പോള്‍ ഷര്‍ട്ടൂരി വീശിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു ഗാംഗുലിയുടെ ഷര്‍ട്ടൂരല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ