ന്യൂഡൽഹി: ഇ​ന്ത്യ-ശ്രീലങ്ക ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ നിർ​ണാ​യ​ക​മായ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തിൽ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ശക്തമായ നിലയിൽ. നായകൻ വിരാട് കോഹ്‌ലിയും ഓപ്പണർ മുരളി വിജയ്‌യുടെയും സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ ശക്തമായ നിലയിലെത്തിയത്. നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെന്ന നിലയിലാണ് ഇന്ത്യ. 100 റൺസുമായി കോഹ്‌ലിയും 112 റൺസുമായി മുരളീ വിജയ്‌യും ബാറ്റിങ് തുടരുകയാണ്.

ചരിത്ര റെക്കോർഡുകളെ വീണ്ടും വീണ്ടും പഴങ്കഥയാക്കി കുതിക്കുകയാണ് ഇന്ത്യന്‍ നായകൻ വിരാട് കോഹ്‌ലി. ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും ഒരേ പോലെ തിളങ്ങുന്ന കോഹ്‌ലി നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി പ്രകടനത്തോടെ ചില പുത്തന്‍ റെക്കോർഡുകളും സ്വന്തം പേരിലെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നായകൻ വീണ്ടും ശതകം കുറിച്ചത്. ഏകദിന ശൈലിയിലായിരുന്നു ഇന്ന് കോഹ്‌ലി ബാറ്റ് വീശിയത്. 110 പന്തിൽ നിന്നായിരുന്നു ക്യാപ്റ്റന്റെ ശതക നേട്ടം. ഇതിനിടയിൽ 14 തവണ പന്തിനെ അതിർത്തി വരെ കടത്തുകയും ചെയ്തു.

തുടർച്ചയായ മൂന്ന് സെഞ്ചുറി കരസ്ഥമാക്കുന്ന രണ്ടാമത് നായകൻ എന്ന റെക്കോർഡും ഇതോടെ കോഹ്‌ലി കരസ്ഥമാക്കി. ടെസ്റ്റിലെ 20-ാമത് ശതകമാണ് കോഹ്‌ലി ഇപ്പോൾ നേടിയിരിക്കുന്നത്. ഇതിനിടയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസെന്ന നാഴികക്കല്ലും കോഹ്‌ലി മറികടന്നു. ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് കോഹ്‌ലി. 105 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്‌ലിയുടെ ഈ നേട്ടം.

ഓപ്പണർ മുരളി വിജയ് ആയിരുന്നു ഇന്ന് ആദ്യം സെഞ്ചുറി നേടിയത്. മുരളിയുടെ തുടർച്ചയായ രണ്ടാമത്തെ സെഞ്ചുറിയാണ് ഇന്ന് കുറിച്ചത്. 9 ബൗണ്ടറികളും മുരളി നേടി. കരിയറിലെ 11-ാമത് ടെസ്റ്റ് സെഞ്ചുറിയാണ് മുരളി വിജയ് കരസ്ഥമാക്കിയത്.

23 റൺസ് വീതമെടുത്ത ശിഖർ ധവാന്റെയും ചേതേശ്വർ പൂജാരെയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്. ഡൽ​ഹി​യി​ലെ ഫി​റോ​സ് ഷാ കോ​ട്‌​ല​ സ്‌റ്റേഡിയത്തിലാണ് മത്സരം. പ​ര​മ്പ​ര​യിൽ ഇ​ന്ത്യ 1​-0​ത്തി​ന് മു​ന്നി​ലാ​ണ്. മൂ​ന്നാം ടെ​സ്റ്റ് സ​മ​നില ആ​യാൽ പോ​ലും ഇ​ന്ത്യ​യ്ക്ക് പ​ര​മ്പര സ്വ​ന്തമാ​ക്കാം. മ​റു​വ​ശ​ത്ത് ല​ങ്ക​യ്ക്ക് ജ​യി​ച്ചാൽ മാ​ത്ര​മേ പ​ര​മ്പര സ​മ​നി​ല​യിൽ ആ​ക്കാൻ സാ​ധി​ക്കൂ. കൊൽ​ക്ക​ത്ത വേ​ദി​യായ ആ​ദ്യ ടെ​സ്റ്റ് സ​മ​നി​ല​യിൽ അ​വ​സാ​നി​ച്ച​പ്പോൾ നാ​ഗ്‌​പൂ​രിൽ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റിൽ ഇ​ന്ത്യ ഇ​ന്നിങ്സി​നും 239 റൺ​സി​നും ഗം​ഭീര വി​ജ​യം സ്വ​ന്ത​മാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ക​ണ​ക്കു​ക​ളും പ​രി​ശോ​ധി​ച്ചാൽ മൂ​ന്നാം ടെ​സ്റ്റിൽ ഇ​ന്ത്യ​യ്ക്ക് ത​ന്നെ​യാ​ണ് മുൻ​തൂ​ക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ