മുംബൈ: ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് നാള്‍ക്കുനാള്‍ വളരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ ബിസിസിഐയുടെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ സജീവമാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിലെ ഒരു മുതിര്‍ന്ന താരത്തെ കൊണ്ട് ടീമില്‍ ‘എല്ലാം ശാന്തം’ എന്ന അര്‍ത്ഥം വരുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ ശ്രമിക്കുകയാണ് ബിസിസിഐ ഇപ്പോള്‍.

”സിഒഎ നിരസിച്ചെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഒരു മുതിര്‍ന്ന താരത്തെ അവര്‍ സമീപിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരു പോസിറ്റീവ് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇടാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ കൂടുതലൊന്നും പറയാറായിട്ടില്ല” എന്ന് ബിസിസിഐയിലെ ഒരംഗം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

”മാധ്യമ റിപ്പോര്‍ട്ടുകളെ കുറിച്ച് സിഒഎയ്ക്ക് പ്രതികരിക്കാനാകില്ല. താരങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ ഞങ്ങളെ സമീപിക്കും. കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം താരങ്ങള്‍ പറയുന്നത് വരെ അഭിപ്രായ ഭിന്നതയില്ല” അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ നായകന്‍ വിരാട് കോഹ്‌ലിയേയും ഭാര്യ അനുഷ്‌കാ ശര്‍മ്മയേയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെയാണ് ഭിന്നത പുറത്ത് വന്നത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റ് പുറത്തായതോടെയാണ് ഭിന്നത കനക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിന്റെ മോശം ബാറ്റിങ് പ്രകടനത്തിനെതിരെ ബോളര്‍മാര്‍ ടീം മീറ്റിങ്ങിലടക്കം തുറന്നടിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഭിന്നത മാധ്യമസൃഷ്ടിയാണെന്നായിരുന്നു സിഒഎ ചീഫ് വിനോദ് റായിയുടെ പ്രതികരണം. ഇന്ത്യയുടെ ലോകകപ്പ് പ്രകടനം വിശകലനം ചെയ്യാന്‍ റിവ്യൂ മീറ്റിങ് ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook