മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിനുള്ള ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്ത പുറത്തുവരുന്നത്. മുൻ ഇന്ത്യൻ ടീം നായകൻ എം.എസ്.ധോണി, നിലവിലെ നായകൻ വിരാട് കോഹ്‌ലി, വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ എന്നിവർ ഒരു ടീമിൽ കളിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി നടത്തുന്ന ഐപിഎൽ ഓൾ സ്റ്റാർ ഗെയിമിലാണ് മൂന്ന് താരങ്ങളും ഐപിഎല്ലിൽ ഒന്നിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മാറ്റുരയ്ക്കുന്ന എട്ട് ടീമുകളിൽ പ്രമുഖ താരങ്ങളാണ് ഓൾ സ്റ്റാർ ഗെയിമിൽ രണ്ട് ടീമുകളായി മത്സരിക്കുന്നത്. ഇഎസ്‌പിഎൻ ക്രിക്ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം വടക്ക് കിഴക്കൻ പ്രദേശങ്ങളിൽനിന്നുള്ള കിങ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ക്ലബ്ബുകളിൽ നിന്നുള്ള താരങ്ങൾ ഒരു ടീമിൽ ഒന്നിക്കുമ്പോൾ രണ്ടാം ടീമിൽ തെക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽനിന്നുള്ള ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളിൽ നിന്നുള്ള താരങ്ങൾ ഒന്നിക്കും.

Also Read: കോടിപതികളും ലക്ഷപ്രഭുക്കളും; ഐപിഎൽ താരലേലത്തിൽ വിറ്റുപോയവർ ഇവർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായിട്ടായിരിക്കും ഓൾ സ്റ്റാർ ഗെയിം. എന്നാൽ മത്സരത്തിന്റെ വേദിയെതെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇത്തരത്തിലൊരു ആശയവുമായി രംഗത്തെത്തിയത്.

Also Read: ധോണിയുടെ സീറ്റിൽ ഇപ്പോഴും ആരും ഇരിക്കാറില്ല; വികാരഭരിതനായി ചാഹൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ എം.എസ് ധോണി ചെന്നൈ സൂപ്പർ കിങ്സ് നായകനും രോഹിത് ശർമ മുംബൈ ഇന്ത്യൻസ് നായകനും കോഹ്‌ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകനുമാണ്. മാർച്ച് 29 മുതലാണ് ഐപിഎൽ 2020ന് തുടക്കമാകുന്നത്. മെയ് 24ന് ആണ് കലാശപോരാട്ടം. മുംബൈ ഇന്ത്യാൻസാണ് നിലവിലെ ചാംപ്യന്മാർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook