ഡേവിഡ് വാർണർ ഓസ്ട്രേലിയൻ ക്രിക്കറ്റർമാരിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രിയനായ താരമാണ്. എന്നാൽ ക്രിക്കറ്റ് കൊണ്ട് മാത്രമല്ല വാർണർ ഇന്ത്യൻ ആരാധകർക്ക് പ്രിയപ്പെട്ട താരമാകുന്നത്. അദ്ദേഹത്തിന്റെ രസകരമായ പോസ്റ്റുകൾക്കും അതിൽ വലിയ പങ്കുണ്ട്.
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ മുതൽ രസകരമായ നിരവധി വീഡിയോകളാണ് വാർണർ ടിക് ടോകിലൂടെയും ഇൻസ്റാഗ്രാമിലൂടെയും ആരാധകരുമായി പങ്കുവെച്ചത്. ഇതിൽ ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുവെച്ചുള്ള വീഡിയോകളും. ഫെയ്സ് സ്വാപ്പിങ് ചെയ്തുള്ള വിഡിയോകളും ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇപ്പോഴിതാ. പുഷപയിലെ അല്ലു അർജുനായി പോസ്റ്റ് ചെയ്ത പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
‘ക്യാപ്ഷൻ നൽകൂ’ എന്ന അടികുറിപ്പോടെ പങ്കുവെച്ച വീഡിയോക്ക് വിരാട് കോഹ്ലി, മിച്ചൽ ജോൺസൺ, വൃദ്ധിമാൻ സാഹ എന്നീ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘സുഹൃത്തേ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ’ എന്നാണ് ചിരിക്കുന്ന സ്മൈലിക്കൊപ്പം കോഹ്ലി കമന്റ് ചെയ്തത്. ‘ദയവായി നിർത്തൂ’ എന്നായിരുന്നു തമാശ രൂപത്തിൽ മിച്ചൽ ജോൺസന്റെ കമന്റ്.

കോഹ്ലിയുടെ കമന്റിന് വാർണർ മറുപടിയും നൽകി. “ചെറിയ വേദനയുണ്ട്. പക്ഷെ നിങ്ങൾ ഉദ്ദേശിച്ചത് എന്റെ തല ആണെന്നറിയാം, ഒരിക്കലുമില്ല എല്ലാം ശരിയാണ്” എന്നാണ് വാർണർ പറഞ്ഞത്.
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ കിരീട വിജയത്തിൽ നിർണായകമായത് 35 കാരനായ വാർണറുടെ പ്രകടനമാണ്. ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിൽ 94 റൺസ് നേടിയ വാർണർ ടെസ്റ്റിലും തന്റെ ഫോം തുടരുകയാണ്.
എന്നാൽ ആദ്യ ഇന്നിങ്സിൽ, വാരിയെല്ലിന് പരുക്കേറ്റ വാർണർ മുൻകരുതൽ നടപടികളുടെ ഭാഗമായി ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്തിരുന്നില്ല. ഡിസംബർ 16ന് അഡ്ലെയ്ഡിൽ ആണ് രണ്ടാം ടെസ്റ്റ്.