ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നിർണ്ണായക സാനിധ്യമാണ് ക്യാപ്റ്റൻ കൂടിയായ വിരാട് കോഹ്‍ലി. തകർപ്പൻ ബാറ്റിങുമായി ഇതിനോടകം തന്നെ നിരവധി റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ് താരം. സ്ഥിരതയാർന്ന പ്രകടനമാണ് വിരാട് കോഹ്‍ലിയുടെ പ്രത്യേകത. ഈ വർഷവും മികച്ച രീതിയിൽ ബാറ്റ് വീശിയ കോഹ്‍ലി ബാറ്റിങ് ശരാശരിയിൽ മറ്റ് താരങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്.

ഈ വർഷം ഇതുവരെ 10 ഏകദിന മത്സരങ്ങളാണ് കോഹ്‍ലി ഇന്ത്യക്കായി കളിച്ചത്. പത്ത് മത്സരങ്ങളിൽ നിന്നും 127.00 റൺ ശരാശരിയിൽ താരം അടിച്ചു കൂട്ടിയതാകട്ടെ 889 റൺസും. ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നാലാം സ്ഥാനത്താണെങ്കിലും 100ന് മുകളിൽ റൺശരാശരിയുള്ള ഏക താരം കോഹ്‍ലിയാണ്.

ഏറ്റവും കൂടുതൽ റൺസ് നേടിയത് ഇംഗ്ലീഷ് താരം ബെയർസ്റ്റോവാണ്. 22 മത്സരങ്ങളിൽ നിന്നാണ് ബെയർസ്റ്റോവ് 1025 റൺസ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള മറ്റൊരു ഇംഗ്ലീഷ് താരം ജോ റൂട്ട് 23 മത്സരങ്ങളിൽ നിന്ന് 936 റൺസും 21 മത്സരങ്ങൾ കളിച്ച ജോയി 890 റൺസുമാണ് നേടിയിട്ടുള്ളത്. ഈ പട്ടികയിലാണ് 10 മത്സരങ്ങൾ മാത്രം കളിച്ച കോഹ്‍ലി നാലാം സ്ഥാനത്ത് ഇടം പിടിച്ചത്.

ഒന്നാം സ്ഥാനത്തുള്ള ബെയർസ്റ്റോവിന്റെ റൺശരാശരി 46.59 ആണ്. കോഹ്‍ലിയുടേത് 127.00 ഉം. അതായത് ബെയർസ്റ്റോവിനെക്കാൾ ഏകദേശം മൂന്ന് മടങ്ങ് അധികമാണ് കോഹ്‍ലിയുടെ റൺ ശരാശരി. രണ്ടാം സ്ഥാനത്തുള്ള റൂട്ടിനെക്കാളും ഇരട്ടി. റൂട്ടിന്റെ റൺശരാശരി 62.40 മാത്രമാണ്.

പത്ത് മത്സരങ്ങളിൽ നിന്ന് നാല് സെഞ്ചുറികളും മൂന്ന് അർദ്ധസെഞ്ചുറികളുമാണ് കോഹ്‍ലിയുടെ സമ്പാദ്യം. അതായത് മൂന്ന് മത്സരങ്ങളിൽ മാത്രമാണ് കോഹ്‍ലി അമ്പതിൽ താഴെ റൺസ് നേടി പുറത്തായത്. ഒരിക്കൽ പോലും അക്കൗണ്ട് തുറക്കാതെ കോഹ്‍ലി ക്രീസ് വിട്ടട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.

ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലും തകർപ്പൻ ബാറ്റിങ് പ്രകടനമാണ് കോഹ്‍ലി നടത്തിയത്. 107 പന്തിൽ നിന്ന് 140 റൺസ് നേടിയ കോഹ്‍ലി ഏകദിനത്തിലെ തന്റെ 36-ാം സെഞ്ചുറിയും തികച്ചു. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലി നേടുന്ന 14-ാം സെഞ്ചുറിയാണിത്. 22 സെഞ്ചുറികള്‍ നേടിയിട്ടുള്ള റിക്കി പോണ്ടിംഗാണ് ഈ റെക്കോര്‍ഡില്‍ മുന്നിലുള്ളത്. കോഹ്ലിയുടെ ഫോം കണക്കിലെടുക്കുമ്പോള്‍ അധികം വൈകാതെ തന്നെ പോണ്ടിംഗിനൊപ്പമെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ