സിനിമാ താരങ്ങളാകട്ടെ, ക്രിക്കറ്റ് താരങ്ങളാകട്ടെ, സെലിബ്രിറ്റികള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതൊരു പുതുമയല്ല. എന്നാല്‍ ‘ഈ പരസ്യത്തില്‍ അഭിനയിക്കാന്‍ എന്നെക്കിട്ടില്ല’ എന്നൊരു താരം പറഞ്ഞാല്‍ അതിലെന്തോ പുതുമയുണ്ട്. ഇവിടെയിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. പെപ്‌സി ഉത്പന്നങ്ങളുടേയും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടേയും പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ഇനി തന്നെ നോക്കേണ്ടെന്ന് കോഹ്ലി തീര്‍ത്തു പറഞ്ഞു.

താന്‍ ഉപയോഗിക്കുന്നതും വിശ്വസിക്കുന്നതുമായ ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ മാത്രമേ ഇനി അഭിനയിക്കൂ എന്നാണ് കോഹ്ലിയുടെ തീരുമാനം. നേരത്തേ പെപ്‌സിയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നെങ്കിലും പിന്നീട് ഇതിന്റെ കോണ്‍ട്രാക്ട് പുതുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ആണ് കോണ്‍ട്രാക്ട് അവസാനിച്ചത്.

കോഹ്ലിയുടെ മാനേജ്‌മെന്റ് ടീം ഇതേക്കുറിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും, കോഹ്ലി തന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാനാണ് എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയുന്നത്. ഒരാളുടെ വിജയം അയാളുടെ തൊലിയുടെ നിറത്തിന്റെ അടിസ്ഥാത്തിലാണെന്ന് പറയുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടല്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ