ന്യൂഡൽഹി: ലോകത്തെ മികച്ച അത്ലറ്റുകളുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളും ഇടംപിടിച്ചു. ലോകത്തെ ഏറ്റവും ഊർജ്ജസ്വലരായ നൂറ് പേരുടെ പട്ടികയിലാണ് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്ലി 13ാം സ്ഥാനം പിടിച്ചപ്പോൾ മുൻ നായകൻ മഹേന്ദ്രസിംഗ് ധോനി 15ാം സ്ഥാനത്തെത്തി.

ഇഎസ്‌പിഎന്നാണ് ലോകത്തെ ഏറ്റവും പ്രശസ്തരായ മികച്ച നൂറ് കായികതാരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. യുവരാജ് സിംഗ് 93ാമത്തെ റാങ്കും സുരേഷ് റെയ്ന 95ാം സ്ഥാനവും നേടി പട്ടികയിൽ ഇടംപിടിച്ചു. ഉസൈൻ ബോൾട്ട്, ടൈഗർ വുഡ്‌സ്, റാഫേൽ നദാൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖ താരങ്ങൾ.

സോഷ്യൽ മീഡിയയിലെ ആരാധകരുടെ എണ്ണം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. അർബുദ ബാധിതനായ ശേഷം ശക്തമായി കളിക്കളത്തിലേക്ക് മടങ്ങിവന്ന യുവരാജ് സിംഗ്, തകർച്ചകളിൽ നിന്ന് മുന്നേറാനുള്ള ഊർജ്ജം നൽകുന്ന താരമാണെന്നാണ് ഇഎസ്‌പിഎൻ വിലയിരുത്തിയിരിക്കുന്നത്.

റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും 18 തവണ ഗ്രാന്റ് സ്ലാം കിരീടങ്ങൾ ചൂടിയിട്ടുള്ള ടെന്നിസ് താരം ഫെഡററുമടക്കം വിവിധ കായിക മേഖലകളിൽ നിന്നുള്ള പ്രതിഭകൾ പട്ടികയിൽ ഇടം പിട്ചിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ