ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ തന്റെ അവസാന ദൗത്യത്തിന് തയാറെടുക്കുകയാണ് രവി ശാസ്ത്രി. ട്വന്റി 20 ലോകകപ്പിന് ശേഷം ശാസ്ത്രി പടിയിറങ്ങാനിരിക്കെ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിസ് പ്രസ്തുത സ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുന്‍താരത്തിന്റെ നിയമനത്തെപ്പറ്റി ബിസിസിഐ ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ദ്രാവിഡിന്റെ വരവിനെപ്പറ്റിയുള്ള ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് നായകന് വിരാട് കോഹ്ലി നല്‍കിയിരിക്കുന്നത്.
“ഞങ്ങളുടെ ലക്ഷ്യം ലോകകപ്പ് നേടുക എന്നത് മാത്രമാണ്. പരിശീലകന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതില്‍ എനിക്ക് അറിവില്ല. എല്ലാ ടീമിനേയും പോലെ ലോകകപ്പ് വിജയിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായുള്ള ടീമിന്റെ പ്രകടനം കിരീടങ്ങളേക്കാളും ടൂര്‍ണമെന്റുകളേക്കാലും വലുതാണ്,” ഐസിസി സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമങ്ങളോട് കോഹ്ലി വ്യക്തമാക്കി.
“കളിക്കാര്‍ എപ്പോഴും മികച്ചതായി നിലനില്ക്കാന് ആഗ്രഹിക്കുന്ന ഒരു സംസ്കാരം ഞങ്ങള്‍ വളര്‍ത്തിയെടുത്തു. അത് ദീര്‍ഘകാലം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതും. ആ സംസ്കാരം ഞങ്ങള്‍ അങ്ങേയറ്റം അഭിനിവേശത്തോടും സത്യസന്ധതയോടും കൂടി മുന്നോട്ട് കൊണ്ടുപോയി. ലോകകപ്പ് വിജയിക്കാനായാല്‍ അത് വലിയൊരു നിമിഷം ആയിരിക്കും. അത് നേടാനായുള്ള തയാറെടുപ്പിലാണ്, ഞങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്യും,” കോഹ്ലി കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുസ്വേന്ദ്ര ചഹലിന് പകരം രാഹുല്‍ ചഹറിനെ ടീമിലുള്‍പ്പെടുത്തിയ തീരുമാനത്തോടും കോഹ്ലി പ്രതികരിച്ചു. “അത് വെല്ലുവിളി നിറഞ്ഞ ഒരു തീരുമാനമായിരുന്നു. ചഹറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് പല കാരണങ്ങളുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ചഹര്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ശ്രിലങ്കന്‍ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരെയും അത് ആവര്‍ത്തിക്കുകയും ചെയ്തു,” കോഹ്ലി പറഞ്ഞു.