scorecardresearch
Latest News

‘ഫിറ്റ് ഇന്ത്യ’യുടെ ഭാഗമാകാൻ കൊച്ചിക്കാരുടെ റൂഫസ് അങ്കിളും

‘റൂഫസ് അങ്കിള്‍’ അല്ലെങ്കില്‍ ‘ഫുട്‌ബോള്‍ അങ്കിള്‍’ എന്ന് സ്‌നേഹപൂര്‍വ്വം ആളുകള്‍ വിളിക്കുന്ന ഇദ്ദേഹത്തിന്‌റെ പരിശീലനക്കളരിയില്‍ മൂന്ന് വയസുമുതല്‍ 30 വയസു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികളുണ്ട്.

‘ഫിറ്റ് ഇന്ത്യ’യുടെ ഭാഗമാകാൻ കൊച്ചിക്കാരുടെ റൂഫസ് അങ്കിളും

പതിവു പോലെ ഇന്നും രാവിലെ നാല് മണിക്ക് എഴുന്നേറ്റ് ഗ്രൗണ്ടില്‍ പോയി തന്റെ ശിഷ്യന്മാരെ കണ്ട്, പ്രാണനായ കാല്‍പ്പന്തിനെ കാലുകൊണ്ട് തലോടിയാണ് റൂഫസ് അങ്കിള്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചത്. ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്‌റ്’ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കായിക പദ്ധതിയുടെ മുന്നോടിയായി, ലോക കായിക ദിനമായ ഓഗസ്റ്റ് 29ന് ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയി പങ്കെടുക്കാനാണ് റൂഫസ് അങ്കിളിന്‌റെ യാത്ര.

“ഹോക്കി, ഫുട്‌ബോള്‍ മേഖലയില്‍ ഒരുപാട് കളിക്കാരെ കഴിഞ്ഞ 49 വര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇത് എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമാണ്. എന്‌റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാനീ അവസരത്തെ കാണുന്നു,” 89ാം വയസിലും ഒരു 19കാരന്‌റെ ചുറു ചുറുക്കോടെ റൂഫസ് ഡിസൂസ പറഞ്ഞു.

രണ്ടു ദിവസം മാറി നില്‍ക്കുമ്പോഴും റൂഫസ് ഡിസൂസയുടെ മനസ് നിറയെ കൊച്ചിയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടും തന്‌റെ കുട്ടികളുമാണ്.

“വെള്ളിയാഴ്ച വൈകുന്നേരമാണ് ഞാന്‍ തിരിച്ചെത്തുക. അതുവരെ കുട്ടികളുടെ പരിശീലനം മുടങ്ങാന്‍ പാടില്ലല്ലോ. അതുകൊണ്ട് ഒരു സീനിയര്‍ കളിക്കാരനെ ഏല്‍പ്പിച്ചിട്ടുണ്ട് അവരുടെ കാര്യങ്ങളൊക്കെ നോക്കാന്‍. ഈ പിള്ളേരൊക്കെ എനിക്കെന്‌റെ സ്വന്തം മക്കളെ പോലെയാണ്. കല്യാണം കഴിച്ചിരുന്നെങ്കില്‍ എനിക്ക് രണ്ടു മക്കളല്ലേ ഉണ്ടാകുമായിരുന്നുള്ളൂ. ഇപ്പോള്‍ കുറേ ഉണ്ട്,” തന്റെ ശിഷ്യരോടുള്ള സ്‌നേഹവും വാത്സല്യവും നിറയുന്നു റൂഫസ് ഡിസൂസയുടെ വാക്കുകളില്‍.

ഇക്കഴിഞ്ഞ മൻ കി ബാത്തിലാണ്, കായിക ദിനത്തിൽ ഫിറ്റ് ഇന്ത്യാ മൂവ്മെന്റിന് തുടക്കം കുറിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഇന്ത്യന്‍ ജനതയുടെ ആരോഗ്യക്ഷമത ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് താൻ ഫിറ്റ് ഇന്ത്യ മൂവ്മെന്റ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് പരിപാടികൾ നടക്കുന്നത്. പരിപാടി ദൂരദർശനിൽ ലൈവായി കാണിക്കും. ഇതിന്റെ ഭാഗാമാകാനാണ് റൂഫസ് ഡിസൂസ ഇന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.

‘റൂഫസ് അങ്കിള്‍’ അല്ലെങ്കില്‍ ‘ഫുട്‌ബോള്‍ അങ്കിള്‍’ എന്ന് സ്‌നേഹപൂര്‍വ്വം ആളുകള്‍ വിളിക്കുന്ന ഇദ്ദേഹത്തിന്‌റെ പരിശീലനക്കളരിയില്‍ മൂന്ന് വയസുമുതല്‍ 30 വയസു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികളുണ്ട്. അതില്‍ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്.

1951നും 1972നും ഇടയില്‍ രണ്ടു പതിറ്റാണ്ടിലേറെ അദ്ദേഹം ഫുട്‌ബോള്‍, ഹോക്കി കളിക്കാരനായിരുന്നു. അതിനു ശേഷമുള്ള ജീവിത്തിലും ആ പ്രണയം ഉപേക്ഷിക്കാന്‍ കൂട്ടാക്കാതെയാണ് ‘അങ്കിള്‍ റൂഫസ്’ എന്ന പരിശീലന ക്ലാസ് ആരംഭിക്കുന്നത്.  ഫീസ് ഈടാക്കാതെയാണ് റൂഫസ് ഡിസൂസ കുട്ടികളെ പരിശീലിപ്പിക്കുന്നത്.

ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ രാവിലെ 6.30 മുതല്‍ 7.30 വരെയും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയുമാണ് പരിശീലനം. ഈ കുട്ടികളില്‍ ഭൂരിഭാഗവും ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ്. ഗ്രൗണ്ടിലെത്തിക്കഴിഞ്ഞാല്‍ റൂഫസ് അങ്കിളും ഇവരില്‍ ഒരാളായി മാറും. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ചയും പരിശീലനമില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലിയുണ്ടായിരുന്ന റൂഫസ്, 1995ലാണ് വിരമിക്കുന്നത്. ഗോവന്‍ പാരമ്പര്യമുണ്ടെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം ഫോര്‍ട്ട് കൊച്ചിയില്‍ തന്നെ. ദിവസേന നിരവധി കുട്ടികൾക്കാണ് റൂഫസ് അങ്കിൾ പരിശീലനം നൽകുന്നത്. ഒപ്പം സ്വന്തം ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനായി ചിട്ടയായ ജീവിത ശൈലികളും.

ഒരു കാലത്തെ ഇന്ത്യന്‍ ഫുട്‌ബോളിന്‌റെ അഭിമാന താരങ്ങളായിരുന്ന ജേക്കബ് വര്‍ഗീസ്, കേരള പൊലീസിലെ തോബിയാസ്, തമിഴ്നാടിനു വേണ്ടി കളിച്ച ബോബി ഹാമില്‍ട്ടന്‍, സെബാസ്റ്റ്യന്‍ നെറ്റോ, ആന്‍സന്‍, ഫിറോസ് ഷെരീഫ് എന്നിവര്‍ റൂഫസിന്റെ കളരിയില്‍ നിന്ന് പിറവിയെടുത്തവരാണ്. ഇവരില്‍ ഷെരീഫ് പ്രീ ഒളിമ്പിക്സ് മല്‍സരം കളിച്ച ഇന്ത്യന്‍ ടീമിലംഗവുമായിരുന്നു.

നാലാം വയസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോളും ഹോക്കിയും കളിച്ചാണ് റൂഫസിന്‌റെ തുടക്കം. സന്തോഷ് ട്രോഫി ഫുട്‌ബോളിലെ ഒരു മികച്ച താരമായിരുന്ന അദ്ദേഹം കേരളാ ടീമിന്‌റെ ക്യാപ്റ്റനുമായിരുന്നു. 1951 ല്‍ കൊച്ചി ഹോക്കി അസോസിയേഷനുവേണ്ടി കളിക്കാന്‍ തുടങ്ങിയ അദ്ദേഹം പിന്നീട് തന്റെ കാരിയറിലുടനീളം വിവിധ ടീമുകള്‍ക്കായി കളിച്ചു.

45 വര്‍ഷം മുമ്പ് റൂഫസ് അങ്കിളിന്റെ ഗുരു ഫോര്‍ട്ട് കൊച്ചി യംഗ്‌സ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിലെ കെ. എം അബു അദ്ദേഹത്തെ ”സാന്റോസ് സ്‌പോര്‍ട്‌സ് ക്ലബി”ന്‌റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു. ഇന്ന് എല്ലാ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ക്ലബ് യാതൊരു സൗജന്യമായി ക്ലബ്ബിന്‌റെ സേവനങ്ങള്‍ ഉപയോഗിപ്പെടുത്താം. യുവാക്കള്‍ക്കിടയില്‍ ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് റൂഫസ് അങ്കിള്‍ വിശ്വിക്കുന്ന പ്രത്യയശാസ്ത്രം. രാജ്യത്തിന് നല്ല കളിക്കാരെ സംഭാവന ചെയ്യുക എന്നതിനപ്പുറം തിരിച്ചൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kochis foot ball uncle rufus dsouza to be a part of pm modis fit india campaign in delhi