മുംബൈ: കൊച്ചി ടസ്ക്കേഴ്സിനെ ഐപിഎല്ലിൽ നിന്ന് ബിസിസിഐ നിയമവിരുദ്ധമായി പുറത്താക്കിയതാണെന്ന് ആര്‍ബിട്രേഷന്‍ കോടതിയുടെ കണ്ടെത്തൽ. അനധികൃതമായി പുറത്താക്കിയതിന് കൊച്ചി ടസ്ക്കേഴ്സ് ടീമിന് ബിസിസിഐ 850 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആർബിട്രേഷൻ കോടതി വിധിച്ചു. ബിസിസിഐയ്ക്ക് കനത്ത പ്രഹരം നല്‍കുന്നതാണ് പുതിയ കോടതി വിധി. കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ആർബിട്രേഷന്‍ വിധിപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സിലില്‍ ധാരണയായിട്ടുണ്ട്. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ കീഴടങ്ങാൻ തീരുമാനിച്ചത്.
ബാങ്ക് ഗ്യാരന്റി വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 2011ലാണ് കൊച്ചി ടസ്ക്കേഴ്സിനെ ബിസിസിഐ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയത്. മൊത്തം ഫീസിന്റെ 10% ബാങ്ക് ഗ്യാരന്റി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും പരാജയപ്പെട്ടതാണ് ടസ്‌ക്കേഴ്സുമായുളള കരാര്‍ ബിസിസിഐ റദ്ദാക്കിയതിന് പിന്നില്‍. ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്സ് ആര്‍ബിട്രേഷനെ സമീപിച്ചത്.
റെന്‍ഡെവ്യൂ സ്പോര്‍ട്സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍സോര്‍ഷ്യമായാണ് കൊച്ചി ടസ്ക്കേഴ്സ് രൂപീകരിച്ചത്. 1560 കോടി രൂപയായിരുന്നു ലേലത്തുക. ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയാണിത്. ഒറ്റ സീസണിൽ മാത്രമേ കൊച്ചി ടസ്ക്കേഴ്സിന് കളിക്കാൻ സാധിച്ചിട്ടുള്ളൂ. വിധി അനുകൂലമായതോടെ കൊച്ചി ടസ്ക്കേഴ്സിന് ഐപിഎല്ലിലേക്ക് തിരിച്ചു വരാൻ സാധിക്കും. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ടീം ഉടമകൾ തന്നെയാണ്.