കൊൽക്കത്ത: കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം നടത്തേണ്ടെന്ന് ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലിയും. കൊച്ചിയിൽ ക്രിക്കറ്റ് മൽസരം നടത്താനുളള കെഎസിഎയുടെ നീക്കത്തിനെതിരെ സച്ചിൻ തെൻഡുൽക്കർ രംഗത്തുവന്നിരുന്നു. ഈ വിഷയത്തിൽ സച്ചിന് പിന്തുണ അറിയിച്ചാണ് ഇപ്പോൾ ഗാംഗുലിയും രംഗത്ത് വന്നിട്ടുളളത്.

”സച്ചിൻ… ഞാൻ നിങ്ങളുടെ കൂടെയാണ്… ബിസിസിഐ സിഇഒ രാഹുൽ ജോഹ്‌റി ഈ വിഷയത്തെക്കുറിച്ച് പരിശോധിക്കണം. കെസിഎയ്ക്ക് മികച്ച ക്രിക്കറ്റ് ഗ്രൗണ്ടുകളുണ്ട്” ഗാംഗുലി ട്വീറ്റ് ചെയ്തു.

കൊച്ചിയിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൽസരം നടത്താൻ നിശ്ചയിച്ച തീരുമാനത്തിനെതിരെ വ്യപക പ്രതിഷേധം ഉയർന്നിരുന്നു. ഫിഫയുടെ അംഗീകാരമുളള ഫുട്ബോൾ മൈതാനമാണ് കൊച്ചിയിലേതെന്നും അത് നശിപ്പിക്കരുതെന്നും സച്ചിൻ തെൻഡുൽക്കർ ട്വീറ്റ് ചെയ്തിരുന്നു. ഫുട്ബോൾ ആരാധകരെയും ക്രിക്കറ്റ് ആരാധകരെയും നിരാശപ്പെടുത്തരുതെന്നും സച്ചിൻ ആവശ്യപ്പെട്ടു. ക്രിക്കറ്റ് മൽസരം തിരുവനന്തപുരത്ത് നടത്തിക്കൂടേയെന്നും സച്ചിൻ ചോദിച്ചു. ഈ വിഷയം ബിസിസിഐ സെക്രട്ടറി വിനോദ് റായിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇടപെടാമെന്ന് ഉറപ്പ് നൽകിയതായും സച്ചിൻ ട്വീറ്റ് ചെയ്തു.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരത്തിനായി കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ക്രിക്കറ്റ് മൽസരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ഐ.എം.വിജയനും സി.വി.പാപ്പച്ചനും ആവശ്യപ്പെട്ടിട്ടുണ്ട്. കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീതും ഇയാൻ ഹ്യൂമും കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook