മറ്റൊരു ഫുട്ബോൾ പൂരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി കഴിഞ്ഞു. മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് നിമിഷങ്ങൾ മാത്രം അവശേഷിക്കെ കലൂർ സ്റ്റേഡിയവും പരിസരവും ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൈയ്യടക്കി കഴിഞ്ഞു. വാദ്യഘോഷങ്ങളോടെയും ആരവങ്ങളോടെയും അവരുടെ പ്രിയപ്പെട്ട ക്ലബ്ബിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകവൃന്ദം.

ഇടയ്ക്കിടെ എത്തുന്ന മഴ മത്സരത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും ആരാധകർ ആവേശത്തിലാണ്. മഴയ്ക്കും പ്രളയത്തിനുമൊന്നും കേരളത്തിന്റെ ഫുട്ബോൾ ആവേശത്തെ തളർത്താനാകില്ലെന്നാണ് ആരാധകരുടെ പക്ഷം. കേരളത്തെ ബാധിച്ച മഹാപ്രളയത്തിന് ശേഷം കൊച്ചിയിൽ നടക്കുന്ന ആദ്യ ഐഎസ്എൽ മത്സരത്തെ മാറ്റൊട്ടും കുറയാതെയാണ് മലയാളി ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണുകളിലെ പോലെ തന്നെ വടക്കൻ കേരളത്തിലെ ആരാധകർ ഇക്കുറിയും സജീവമാണ്. സംഘങ്ങളായി വലിയ ടൂറിസ്റ്റ് ബസുകളിലും മറ്റുമാണ് ഇത്തവണയും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയിരിക്കുന്നത്. പ്രായ ഭേദമന്യേ നിരവധി ഫുട്ബോൾ ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകുന്നത്.

മത്സരം കേരളത്തിലായതിനാൽ കൂടുതൽ മലയാളി താരങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സഹൽ അബ്ദുൾ സമദിന് പുറമെ പ്രിയ താരം സി കെ വിനീതും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കാം.

തിരക്ക് ഗതാഗത കുരുക്കിന് കാരണമാകരുതെന്ന് ലക്ഷ്യമിട്ട് നഗരത്തിൽ ട്രാഫിക് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ കൊൽക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് നാളെ ബൂട്ടുകെട്ടുക. മുംബൈയാകട്ടെ ജംഷഡ്പൂരിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടുമാണ് കേരളത്തിലെത്തിയിരിക്കുന്നത്. വിജയം ആവർത്തിക്കാൻ കൊമ്പന്മാരും ലീഗിൽ തിരിച്ചുവരാൻ മുംബൈയും ശ്രമിക്കുമെന്നുറപ്പ്, അങ്ങനെയെങ്കിൽ ശക്തമായ മത്സരത്തിനാകും കൊച്ചി വേദിയാകുക.

Also Read: ISL 2018 KBFC vs MCFC Live Updates: ബ്ലാസ്റ്റേർസ് മുംബൈ പോരാട്ടത്തിന് കിക്കോഫ്

പ്രളയം ദുരിതം വിതച്ച കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച കടലിന്റെ മക്കൾക്ക് ആദരമൊരുക്കിയാകും കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഓരോ മത്സരത്തിനുമിറങ്ങുക. നാളെ കൊച്ചിയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളിറങ്ങുന്നത് പ്രത്യേക ജഴ്സിയുമണിഞ്ഞാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ