കൊച്ചി : ഇന്ത്യന്‍ സൂപര്‍ ലീഗന്‍റെ അഞ്ചാം സീസണ്‍ അരങ്ങേറാന്‍ ഏതാനും മാസങ്ങള്‍കൂടി. മുന്‍ സീസണുകളെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഈ സീസണില്‍. ഇന്ത്യയില്‍ കാല്‍പന്തിന്‍റെ ആരവമുയര്‍ത്താനായി കൂടുതല്‍ മികവുള്ള താരങ്ങള്‍ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ അനുഭവസ്ഥരായ മുതിര്‍ന്ന താരങ്ങളെ കൊണ്ടുവരുന്നതിനു പകരം സാങ്കേതിക മികവും കൂടുതല്‍ കായിക ക്ഷമതയുമുള്ള വിദേശ കളിക്കാരെയാണ് ക്ലബ്ബുകള്‍ ലക്ഷ്യമിടുന്നത് എന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കാന്‍ വരുന്ന മികച്ച വിദേശ താരങ്ങള്‍ ആരൊക്കെയെന്നു പരിശോധിക്കാം.

എമിലിയാനോ അല്‍ഫാരോ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ അക്രമങ്ങളെ ചുക്കാന്‍ പിടിച്ചത് എമിലിയാണോ അല്‍ഫാരോ എന്ന ഇരുപത്തൊമ്പതുകാരനായ ഉറൂഗ്വേ താരമാണ്. എഡിസണ്‍ കവാനി, ലൂയീസ് സുവാരസ് എന്നിവരടങ്ങിയ ഉറൂഗ്വേ അണ്ടര്‍ 20 ടീമിലെ അംഗമായിരുന്ന അല്‍ഫാരോയെ ഈ സീസണില്‍ സ്വന്തമാക്കിയിരിക്കുന്നത് എഫ്സി പുനൈ സിറ്റി ആണ്. ആദില്‍ ഖാന്‍, ബല്‍ജിത്ത് സാഹ്നി, കീന്‍ ലൂയിസ്, മലയാളിയായ ആഷിഖ് കുരുണിയന്‍ തുടങ്ങിയ മികച്ച താരങ്ങളെ സ്വന്തമാക്കിയ പൂനൈ ഇതുവരെ നടത്തിയ ഒരേയൊരു വിദേശ സൈനിങ് അല്‍ഫാരോയുടെതാണ്.

എറിക് പാര്‍ത്താലു

എസ്റ്റോണിയന്‍ വംശജനായ എറിക് പാര്‍ത്താലുവിനു പ്രൊഫഷണല്‍ ഫുട്ബോളര്‍ എന്നനിലയില്‍ നീണ്ട പതിനാലുവര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. കരിയറിന്‍റെ ആദ്യകാലഘട്ടം സ്കോട്ട്ലാന്‍ഡില്‍ ചെലവിട്ടശേഷം ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയ പാര്‍ത്താലു എ-ലീഗില്‍ ബ്രിസ്ബേന്‍ റോര്‍, മെല്‍ബോണ്‍ സിറ്റി എഫ്സി, ഗ്രീനോക്ക് മോര്‍ട്ടന്‍, നോര്‍ത്തേണ്‍ സ്പിരിറ്റ്സ് തുടങ്ങി ഒട്ടേറെ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ബ്രിസ്ബേന്‍ റോറിന്‍റെ കൂടെ എ-ലീഗ് കിരീടം നേടിയിട്ടുള്ള ഈ ഇരുപതോമ്പത്കാരന്‍ മികച്ചൊരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും എഎഫ്സി കപ്പ്‌ മത്സരങ്ങളിലും മുതല്‍കൂട്ടാവും എന്ന് കണക്കാക്കികൊണ്ട് ബെംഗളൂരു എഫ്സിയാണ് എറിക് പാര്‍ത്താലുവിനെ സ്വന്തമാക്കിയിരിക്കുന്നത്.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വേര്‍ഷന്‍ 2.0

ലൂസിയന്‍ ഗോയന്‍

മുംബൈ സിറ്റി എഫ്സിയുടെ പ്രതിരോധകോട്ടയ്ക്ക് ചുക്കാന്‍ പിടിക്കേണ്ട ചുമതല ഇത്തവണ ഈ റൊമാനിയക്കാരന്റെതാണ്. പതിനൊന്നു വര്‍ഷം റൊമാനിയന്‍ ലീഗില്‍ കളിച്ചു നേടിയ കളിപരിചയത്തിനു ശേഷം ചൈനീസ് ലീഗിലും ഓസ്ട്രേലിയന്‍ ലീഗിലും ലൂസിയന്‍ ഗോയന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 2016ല്‍ സെമിഫൈനലിലെത്തിയ മുംബൈ സിറ്റി എഫ്സിയെ നയിച്ചത് ഈ മുപ്പത്തിനാലുകാരനാണ്.

ഇയാന്‍ ഹ്യൂം

ഇന്ത്യന്‍ സൂപ്പര്‍ ലീഗോളം തന്നെ ഇന്ത്യയിലെ കാല്‍പ്പന്തുകളി ആരാദകര്‍ക്ക് പരിചിതമായ പേരാണ് ഇയാന്‍ ഹ്യൂമിന്‍റെത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ സീസണില്‍ കേരളാ ബ്ലാസ്റ്റര്‍സിനു വേണ്ടി ബൂട്ടണിഞ്ഞ മലയാളികളുടെ പ്രിയപ്പെട്ട ‘ഹ്യൂമേട്ടന്‍’ രണ്ടുവര്‍ഷത്തിനു ശേഷം മഞ്ഞക്കുപ്പായത്തില്‍ മടങ്ങി വരികയാണ്. 23 ഗോളുകളോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എക്കാലത്തേയും മികച്ച ഗോള്‍സ്കോററായ ഈ കാനഡക്കാരന്‍ കേരളാ ബ്ലാസ്റ്റര്‍സ് ഉയര്‍ത്തുന്ന ആക്രമണത്തിന്‍റെ കുന്തമുനയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മുപ്പത്തിമൂന്നുകാരനായ ഇയാന്‍ ഹ്യൂം ഏത്ര ശക്തമായ പ്രതിരോധനിരയേയും തകര്‍ക്കാന്‍ മാത്രമുള്ള മിടുക്കും തന്ത്രവും കാലുകളില്‍ കൊണ്ടുനടക്കുന്നുണ്ട്.

Read More : കേരളാ ബ്ലാസ്റ്റര്‍സിലെത്തിയ പുതിയതാരങ്ങള്‍ ആരൊക്കെ ?

ജോണ്‍ ജോണ്‍സണ്‍


മിഡില്‍സ്ബര്‍ഗ്, നോര്‍ത്താംട്ടന്‍ ക്ലബ്ബുകളില്‍ കളിച്ചുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനുഭവവുമായിട്ടാണ് 2012-13 സീസണില്‍ ഐ ലീഗ് അരങ്ങേറ്റം കുറിച്ച ബെംഗലൂരു എഫ്സിയിലേക്ക് ജോണ്‍ ജോണ്‍സണ്‍ എത്തുന്നത്. ആദ്യകളി മുതല്‍ നീലപ്പടയുടെ പ്രതിരോധത്തിലെ ഉരുക്കുകോട്ടയാണ് ജോണ്‍ ജോണ്‍സണ്‍. ഗ്രൗണ്ടില്‍ ഒട്ടും പിരിമുറുക്കമില്ലാതെ കളിക്കുന്ന ജോണ്‍ ജോണ്‍സനു ഇന്ത്യയിലെ മൈദാനങ്ങളും സാഹചര്യങ്ങളും ഏറെ പരിചിതമാണ്.

ജുവാന്‍ ആന്റോണിയോ ഗോണ്‍സാലസ് ഫെര്‍ണാണ്ടസ്

സെന്‍റര്‍ ബാക്ക്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സ്ഥാനങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ‘ഹുവാനന്‍’. ഡിപോര്‍ട്ടിവോ, റയല്‍ മാഡ്രിഡ്‌ എന്നീ ക്ലബ്ബുകളുടെ ബി ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. സ്പാനിഷ് ലീഗ്, ജര്‍മനിയുടെ ബുണ്ടസ് ലീഗ, ഹംഗേറിയന്‍ ലീഗ് എന്നിവയുടെ അനുഭവവുമായി ബെംഗളൂരു എഫ്സിയിലെത്തിയ ഹുവാനന്‍. കഴിഞ്ഞ വര്‍ഷത്തെ ഐ ലീഗ് സീസണിലും എഎഫ്സി കപ്പിലും ബെംഗളൂരു പക്ഷത്തിന്റെ നേടുംതൂണായിരുന്നു. എഎഫ്സി കപ്പ്‌ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഹുവാനനുമായുള്ള കരാര്‍ ബെംഗളൂരു പുതുക്കുന്നത്. ജോണ്‍ ജോണ്‍സനൊപ്പം ബെംഗലൂരു പ്രതിരോധത്തെ ചുക്കാന്‍ പിടിക്കുക ഹുവാനന്‍ ആവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook