തിരുവനന്തപുരം: മുന്‍ കേരള രഞ്ജി ക്യാപ്റ്റനായ കെ എന്‍ അനന്തപത്മനാഭന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ എലൈറ്റ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എലൈറ്റ് പാനലിലെത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. അന്താരാഷ്ട്ര അമ്പയറാകുന്ന നാലാമത്തെ മലയാളിയാണ് അനന്തപത്മനാഭന്‍.

ഏറെക്കാലം കേരള ടീമിന്റെ ബൗളിങ് ആക്രമണത്തില്‍ നെടുംതൂണായിരുന്ന അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 105 മത്സരങ്ങളില്‍ നിന്നായി 344 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 54 ലിസ്റ്റ് എ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ അനില്‍ കുംബ്ലൈയുടെ സാന്നിദ്ധ്യം മൂലമാണ് മികച്ച പ്രകടനങ്ങള്‍ തുടര്‍ച്ചയായി കാഴ്ചവച്ചിട്ടും ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്നത്.

1997-98-ല്‍ ഇന്ത്യ സീനിയേഴ്‌സ് ടീമിനെതിരെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത് അദ്ദേഹത്തെ ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചുവെങ്കിലും സായ് രാജ് ബഹുതുലെ അദ്ദേഹത്തെ മറികടന്ന് ടീമിലെത്തിയെന്ന് മുഖ്യ സെലക്ടറായ രമാകാന്ത് ദേശായി വെളിപ്പെടുത്തിയിരുന്നു.

1998 മാര്‍ച്ചില്‍ ഇന്ത്യ എ ടീമിനു വേണ്ടി കളിച്ച അദ്ദേഹം ഓസ്‌ത്രേലിയന്‍ പരമ്പരയില്‍ സ്റ്റീവ് വോ, ലീമാന്‍, പോണ്ടിങ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പാകിസ്താനെതിരെ കൊച്ചിയില്‍ അദ്ദേഹം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Read Also: IPL 2020: കോഹ്‌ലിയെ ടീമിലെത്തിക്കാൻ തയ്യാറാണെന്ന് രാജസ്ഥാൻ റോയൽസ്; ഒരു കണ്ടീഷൻ

രഞ്ജി ട്രോഫിയില്‍ 1988 നവംബര്‍ 22-നാണ് അദ്ദേഹം കേരളത്തിനായി അരങ്ങേറ്റം കുറിച്ചത്. ഹൈദരാബാദില്‍ സെക്കന്തരാബാദിനെതിരെ ആയിരുന്നു അരങ്ങേറ്റ മത്സരം. വിട വാങ്ങിയത് കളിച്ച് 2004 ഡിസംബര്‍ 25-നും. ജമ്മുകശ്മീരിനെതിരെ പാലക്കാട്ട് കോട്ട മൈതാനത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയ മത്സരത്തില്‍ കേരളം 161 റണ്‍സിന് വിജയിച്ചു.

അദ്ദേഹം ഒരു ഇരട്ട സെഞ്ച്വറി അടക്കം മൂന്ന് സെഞ്ച്വറികള്‍ അദ്ദേഹം കേരളത്തിനായി നേടിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഒരു ഓള്‍റൗണ്ടര്‍ പദവിയിലേക്കും ഉയര്‍ത്തി. കേരളത്തിനുവേണ്ടി രഞ്ജിയില്‍ 2000 റണ്‍സും 200 വിക്കറ്റുകളും നേടുന്ന ആദ്യ താരമാണ് അനന്തപദ്മനാഭന്‍.

ബിസിസിഐയുടെ ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2007-ല്‍ അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമി നടത്തുന്ന ലെവല്‍ രണ്ട് കോച്ചിങ് സര്‍ട്ടിഫിക്കറ്റ് നേടി. 2006-ല്‍ തന്നെ അദ്ദേഹം ബിസിസിഐയുടെ അമ്പയറിങ് പരീക്ഷയും വിജയിച്ചിരുന്നു.

71 രഞ്ജി ട്രോഫി മത്സരങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ ആയ അദ്ദേഹം വനിതകളുടെ ഏഴ് ടി20 മത്സരങ്ങളും നിയന്ത്രിച്ചു.

2008 മുതല്‍ അദ്ദേഹം രാജ്യത്തെ പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ അമ്പയറായി പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഐപിഎല്ലിലും അദ്ദേഹം അമ്പയാറായിട്ടുണ്ട്.

വിരമിച്ചശേഷം പരിശീലകന്റേയും അമ്പയറുടേയും വേഷം അണിഞ്ഞു. അദ്ദേഹത്തിന്റെ ക്ഷമയോടു കൂടിയ പ്രവര്‍ത്തനത്തിന്റേയും കാത്തിരിപ്പിന്റേയും ഫലമാണ് അദ്ദേഹത്തെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും മുമ്പ് നിലവില്‍ അദ്ദേഹമടക്കം നാല് പേരാണ് ഐസിസിയുടെഅമ്പയറിങ് പാനലില്‍ ഉള്ളത്. സി ഷംസുദ്ദീന്‍, അനില്‍ ചൗധരി, വീരേന്ദര്‍ ശര്‍മ്മ എന്നിവരാണ് മറ്റുള്ളവര്‍.

ജോസ് കുരിശിങ്കല്‍, ഡോ കെ എന്‍ രാഘവന്‍, എസ് ദണ്ഡപാണി എന്നിവരാണ് ഇതിന് മുമ്പ് അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള മലയാളികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook