മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ നിരവധി പേരാണ് ഇത്തവണ ഐപിഎല്‍ ടീമുകളിലെത്തിയിരിക്കുന്നത്. സഞ്ജു സാംസണും ബേസിൽ തമ്പിക്കും, സച്ചിൻ ബേബിക്കും പുറമേ, കെ.എം.ആസിഫ്, എസ്.മിഥുൻ, നിധീഷ് എം.ദിനേശൻ തുടങ്ങിയ പുതുമുഖങ്ങളും ഇത്തവണ ഐപിഎല്ലിനുണ്ട്. പുതുമുഖ മലയാളി താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരമാണ് മലപ്പുറത്തുകാരനായ കെ.എം.ആസിഫ്. 20 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ 40 ലക്ഷം രൂപ ചെലവഴിച്ചാണ് ചെന്നൈ ടീമിലെത്തിച്ചത്. മുമ്പും ഐപിഎൽ കളിച്ചിട്ടുള്ള സച്ചിൻ ബേബിയേക്കാളും വില ലഭിച്ചു താരത്തിന്.
ഇന്നലെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എതിരെയാണ് ആസിഫ് ജഴ്സിയണിഞ്ഞത്. ആദ്യ മൽസരത്തില്‍ തന്നെ രണ്ട് വിക്കറ്റുകളെടുത്ത് വരവറിയിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് ആസിഫ്. ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറാത്ത താരത്തിന് ഗുണമായത്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി 2 മൽസരങ്ങളില്‍ നിന്ന് 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ പ്രകടനമാണ്. കേരള സൂപ്പര്‍ താരം സഞ്ജു സാംസണ് നല്കിയ പിന്തുണയാണ് തന്നെ ഇവിടെ എത്തിച്ചതെന്നാണ് ആസിഫിന്റെ പ്രതികരണം. അതോടൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷനും മികച്ച പിന്തുണ നല്കി.
വിവിധ ഐപിഎല്‍ ടീമുകളുടെ ട്രെയല്‍സില്‍ പങ്കെടുക്കുന്നതിന് സഞ്ജു സാംസണാണ് തന്നെ സഹായിച്ചതെന്നും ആസിഫ് പറഞ്ഞു. ചെറുപ്പത്തില്‍ ഓരോ മലപ്പുറത്തുകാരനും ആഗ്രഹിക്കുന്ന പോലെ ഫുട്ബോള്‍ താരമാവാനായിരുന്നു ആസിഫിന്റെയും ആഗ്രഹം. പിന്നീട് ക്രിക്കറ്റ് പതുക്കെ ക്രിക്കറ്റ് കളിച്ച് തുടങ്ങിയ താരം അത് ഗൗരവമായി എടുക്കുകയായിരുന്നു.
എന്തായാലും ചെന്നൈയിലെത്തിയതോടെ എം.എസ്.ധോണി, മുരളി വിജയ്, രവീന്ദ്ര ജഡേജ, ഫാഫ് ഡുപ്ലെസിസ്, സുരേഷ് റെയ്ന, ഡ്വെയിന്‍ ബ്രാവോ, ഷെയ്ന് വാട്സണ് തുടങ്ങിയ ലോകോത്തര താരങ്ങളുടെ കൂടെ ഡ്രെസിങ് റൂം പങ്കിടാനുള്ള അവസരമാണ് ആസിഫിന് ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തിലുള്ള തന്റെ സന്തോഷവും ആവേശവും ആസിഫ് മറച്ചുവച്ചില്ല.