കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടന്ന ടിട്വന്റി മൽസരത്തിൽ ശ്രീലങ്കയെ കൂറ്റൻ റൺസിനാണ് ഇന്ത്യ തകർത്തത്. എം.എസ്.ധോണിയുടെയും കെ.എൽ.രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇന്ത്യൻ സ്കോർ 180 ലേക്ക് ഉയർത്തിയത്. രാഹുൽ 61 റൺസും ധോണി പുറത്താകാതെ 39 റൺസുമെടുത്തു. ക്രിക്കറ്റിലെ ധോണിയുടെ ഫോമിനെക്കുറിച്ച് സംശയം ഉയരവേയായിരുന്നു മാഹിയുടെ തകർപ്പൻ പ്രകടനം.

ശ്രീലങ്കയ്ക്കെതിരെ 93 റൺസിന്റെ വിജയം നേടിയശേഷം നടന്ന വാർത്താസമ്മേളനത്തിൽ ധോണിയുടെ ഫോമിനെക്കുറിച്ച് കെ.എൽ.രാഹുലിനോട് ചോദ്യമുയർന്നു. ഇതിനു നല്ല ഉഗ്രൻ മറുപടിയാണ് രാഹുൽ റിപ്പോർട്ടർക്ക് നൽകിയത്. ”ഏതു തരത്തിലുളള ഫോമിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഓരോ തവണ ഞാൻ ടിവിയിൽ കളി കാണുമ്പോഴും അല്ലെങ്കിൽ ധോണിക്കൊപ്പം കളിക്കുമ്പോഴും അദ്ദേഹം റൺസ് നേടാറുണ്ട്”.

ഇന്ത്യയുടെ മാച്ച് വിന്നറാണ് ധോണിയെന്നും രാഹുൽ പറഞ്ഞു. ഡ്രസിങ് റൂമിൽ വളരെ പ്രചോദനം പകരുന്ന ധോണിയെയാണ് ഞാൻ കണ്ടിട്ടുളളത്. ഈ വർഷമാദ്യം ബരാബതിയിൽ നടന്ന മൽസരത്തിൽ അദ്ദേഹം സെഞ്ചുറി നേടിയിരുന്നു. ഓരോ മൽസരത്തിലും ധോണി ടീമിനെ മികച്ച രീതിയിൽ പിന്തുണക്കാറുണ്ടെന്നും രാഹുൽ പറഞ്ഞു. ബരാബതിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിനത്തിലാണ് 122 ബോളിൽനിന്നായി ധോണി 134 റൺസ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ