മൊഹാലി: ആവേശജ്വലമായ പോരാട്ടത്തിനൊടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തകര്‍ത്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഓപ്പണര്‍ കെഎല്‍ രാഹുല്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് ഓരോവറും ഒരു പന്തും ബാക്കി നില്‍ക്കെ മറി കടക്കുകയായിരുന്നു.

ട്വന്റി-20 ചരിത്രത്തിലെ നാലാമത്തേയും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയതുമായ അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ തന്നെയാണ് പഞ്ചാബ് നിരയിലെ താരം. 14 പന്തില്‍ നിന്നുമായിരുന്നു രാഹുലിന്റെ അര്‍ധസെഞ്ച്വറി. ആറ് ഫോറും നാല് സിക്‌സുമടങ്ങുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. അര്‍ധസെഞ്ച്വറി നേടിയ കരുണ്‍ നായരും 24 റണ്‍സെടുത്ത ഡേവിഡ് മില്ലറും 22 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസും ചേര്‍ന്ന് പഞ്ചാബിനെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

നേരത്തെ അര്‍ധസെഞ്ച്വറി നേടിയ ഗൗതം ഗംഭീറിന്റെ പ്രകടനമാണ് ഡല്‍ഹിയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 55 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. അരങ്ങേറ്റ മത്സരം കളിച്ച അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍ പഞ്ചാബിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കുള്ള ഗംഭീറിന്റെ മടങ്ങി വരവ് പരാജയത്തോടെയായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ