വിരാട് കോഹ്ലിയുടെ പിൻഗാമിയായി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം കെ.എൽ.രാഹുലിനെ ഏൽപ്പിക്കണമെന്ന് മുൻ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ. 29 വയസു മാത്രം പ്രായമുള്ള രാഹുലിന് ദീർഘകാലം ടീമിനെ നയിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് തൊട്ടുപിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്.
2014ൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയുടെ മധ്യത്തിൽ എം.എസ്.ധോണി പിന്മാറിയപ്പോൾ ക്യാപ്റ്റനായി സ്ഥാനമേറ്റെടുത്ത കോഹ്ലി, 68 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 40 ജയങ്ങളുമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനായാണ് സ്ഥാനമൊഴിഞ്ഞത്.
“ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ കൂടുതൽ കാലം ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്ന ആളായിരിക്കണമെന്ന് എനിക്ക് തോന്നുന്നു. അതിനാൽ, അടുത്ത ടെസ്റ്റ് ക്യാപ്റ്റനായി ഞാൻ കെ.എൽ.രാഹുലിന്റെ പേര് നിർദ്ദേശിക്കും,” മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ (എംപിസിഎ) ഭാരവാഹി കൂടിയായ ജഗ്ദലെ പിടിഐയോട് പറഞ്ഞു.
അടുത്ത ടെസ്റ്റ് ക്യാപ്റ്റനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് രോഹിത് ശർമ്മയെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നു, രണ്ടാം ടെസ്റ്റിൽ കോഹ്ലിക്കും രോഹിത്തിനും പരുക്കേറ്റതിനെത്തുടർന്ന് രാഹുലായിരുന്നു ക്യാപ്റ്റൻ.
ഗെയിമിന്റെ മൂന്ന് ഫോർമാറ്റുകളിലും രാഹുൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് ജഗ്ദാലെ പറഞ്ഞു. ഐപിഎൽ ശക്തി കേന്ദ്രങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന്റെ നയങ്ങളിൽ ഇടപെടുന്നില്ലെന്ന് ബിസിസിഐയും സെലക്ടർമാരും ഉറപ്പാക്കണമെന്നും ജഗ്ദലെ കൂട്ടിച്ചേർത്തു.
Also Read: കോഹ്ലിക്ക് പിൻഗാമിയായി റിഷഭ് പന്തിനെ ടെസ്റ്റ് കാപ്റ്റനാക്കണമെന്ന് സുനിൽ ഗവാസ്കർ