ഓക്‌ലൻഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും ന്യൂസിലൻഡിനെ പരാജയപ്പെടുത്തി പരമ്പരയിൽ ആധിപത്യമുറപ്പിച്ച് ഇന്ത്യ. ഇത്തവണയും ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ഓപ്പണറായി എത്തി തകർപ്പൻ ഇന്നിങ്സ് പുറത്തെടുത്ത കെ.എൽ.രാഹുലിന്റെ മികവിൽ. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി പ്രകടനം പുറത്തെടുത്ത രാഹുൽ രാജ്യാന്തര ക്രിക്കറ്റിൽ പുതിയ റെക്കോർഡും തന്റെ പേരിൽ എഴുതി ചേർത്തു.

ഓക്‌ലൻഡിൽ നടന്ന ആദ്യ മത്സരത്തിൽ 56 റൺസുമായി തിളങ്ങിയ താരം രണ്ടാം മത്സരത്തിൽ 57 റൺസുമായി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോളിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ അർധസെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമായാണ് രാഹുൽ മാറിയത്. രാജ്യാന്തര ക്രിക്കറ്റിൽ ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കാൻ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും സാധിച്ചട്ടില്ല.

Also Read: കിവികളെ എറിഞ്ഞും അടിച്ചും വീഴ്ത്തി ഇന്ത്യ; വിജയനായകന്മാരായി വീണ്ടും രാഹുലും അയ്യരും

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടയിൽ റിഷഭ് പന്തിന് പരുക്കേറ്റതാണ് വിക്കറ്റ് കീപ്പറുടെ സ്ഥാനം രാഹുലിലേക്ക് എത്താൻ കാരണം. ഐപിഎല്ലിൽ ഉൾപ്പടെ വിക്കറ്റിന് പിറകിൽ മിന്നും പ്രകനവുമായി തിളങ്ങിയ കർണാടക താരം രാജ്യാന്തര ക്രിക്കറ്റിലും താൻ വിശ്വസ്തനായ കീപ്പറാണെന്ന് തെളിയിച്ചു. രാജ്യാന്തര ടി20യിൽ ആദ്യമായാണ് രാഹുൽ വിക്കറ്റ് കീപ്പറാകുന്നത്. ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഭംഗിയാക്കാൻ രാഹുലിന് സാധിക്കാറുണ്ട്.

Also Read: അതിർത്തിയറിയുന്ന കാവൽക്കാരൻ; കാണികളെ ഞെട്ടിച്ച് രോഹിത്തിന്റെ മനോഹര ക്യാച്ച്

ബാറ്റിങ്ങിലും മികച്ച ഫോമിലാണ് താരം. കഴിഞ്ഞ അഞ്ച് ടി20 മത്സരങ്ങളിൽ നാലിലും അർധസെഞ്ചുറി നേടാൻ രാഹുലിന് സാധിച്ചു. 91,45, 54, 56, 57 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ രാഹുലിന്റെ സ്കോർ.

Also Read: വിക്കറ്റ് കീപ്പറായി രാഹുലെത്തുന്നത് സഞ്ജുവിന്റെ സാധ്യതകൾക്ക് തിരിച്ചടിയോ?

രാഹുലിനൊപ്പം ശ്രേയസും ഒരിക്കൽ കൂടി ക്രീസിൽ തിളങ്ങിയപ്പോൾ ന്യൂസിലൻഡിനെതിരെ ഇന്ത്യ തുടർച്ചയായ രണ്ടാം ടി20 ജയം സ്വന്തമാക്കുകയായിരുന്നു. ആതിഥേയർ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. കിവികളെ 132 റൺസിന് പിടിച്ചുകെട്ടിയ ഇന്ത്യയുടെ ജയം 2.3 ഓവർ ബാക്കി നിർത്തിയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ 2-0ന് ഇന്ത്യ മുന്നിട്ടു നിൽക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook