വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും തനിക്ക് ധൈര്യം പകർന്ന സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കെ.എൽ.രാഹുൽ. ടെസ്‌റ്റിലെ അരങ്ങേറ്റ മൽസരത്തിൽ തളർന്നുപോയെ രാഹുലിനെ വിരാടും അനുഷ്‌കയും നൽകിയ കരുത്താണ് മുന്നോട്ടുനയിച്ചത്. ഈ മൽസരത്തിനിടെ നടന്നൊരു സംഭവത്തെക്കുറിച്ചാണ് രാഹുൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

2014 ഡിസംബറിൽ മെൽബണിൽ നടന്ന ഓസ്ട്രേലിയയ്‌ക്കെതിരായ മൽസരത്തിലണ് രാഹുൽ ടെസ്റ്റിലെ തന്റെ അരങ്ങേറ്റം കുറിച്ചത്. പക്ഷേ ആദ്യ മൽസരത്തിൽ രാഹുലിന് അടിപതറി. രണ്ടു ഇന്നിങ്സിലുമായി വെറും നാലു റൺസ് മാത്രമാണ് രാഹുൽ നേടിയത്. ഇതോടെ രാഹുലിന് ആത്മവിശ്വാസം നഷ്‌ടമായി. അന്ന് കളി കാണാൻ അനുഷ്‌ക ശർമ്മയും ഗ്യാലറിയിൽ ഉണ്ടായിരുന്നു.

രാഹുൽ നിരാശനാവുന്നത് അനുഷ്‌ക ശ്രദ്ധിച്ചിരുന്നു. മൽസരശേഷം രാഹുലിനെ കാണാനായി അനുഷ്‌ക റൂമിലെത്തി. ”എല്ലാം അവസാനിച്ചുവെന്ന് കരുതി തളർന്നിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് അനുഷ്‌ക എന്റെ റൂമിൽ വരുന്നത്. എന്നെ തനിച്ചിരിക്കാൻ അനുവദിക്കില്ലെന്ന് അനുഷ്‌ക പറഞ്ഞു. വിരാടും താനും പുറത്തു പോകുമ്പോൾ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു”, രാഹുൽ ഓർത്തെടുത്തു.

വിരാടിനും അനുഷ്‌കയ്‌ക്കും ഒപ്പം ചെലവിട്ട സമയങ്ങളിൽ അവർ തങ്ങളുടെ പരാജയ കഥകൾ പറഞ്ഞു തന്നു. ജീവിതത്തിൽ ആദ്യമായി പരാജയപ്പെടുന്ന വ്യക്തി താനല്ലെന്ന് അന്നെനിക്ക് മനസ്സിലായെന്ന് രാഹുൽ പറഞ്ഞു. ”ഒരു ദിവസം ഡിന്നറിന് വിരാടും അനുഷ്‌കയും എന്നെ ഒപ്പം കൊണ്ടു പോയി. കരിയറിൽ തങ്ങൾ നേരിട്ട പരാജയങ്ങൾ അവർ ഇരുവരും എന്നോട് പറഞ്ഞു. അതെനിക്ക് തളർച്ചയിൽനിന്നും കരകയറാനുളള ആത്മധൈര്യം തന്നു”, രാഹുൽ വ്യക്തമാക്കി.

അടുത്ത മൽസരത്തിന് ഒരാഴ്‌ചത്തെ ബ്രേക്ക് ഉണ്ടായിരുന്നു. ആ സമയത്തൊക്കെ ഇരുവരും പുറത്തുപോകുമ്പോൾ എന്നെയും കൂടെ കൊണ്ടുപോകും. വളരെ കരുത്തുറ്റ ദമ്പതികളാണ് വിരാടും അനുഷ്‌കയും. അവർ എന്നിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് രാഹുൽ വെളിപ്പെടുത്തി.

ടെസ്റ്റിലെ അരങ്ങേറ്റ മൽസരത്തിൽ നല്ല രീതിയിൽ കളിക്കാൻ കഴിയാത്തപ്പോൾ എനിക്കുണ്ടായ മാനസികാവസ്ഥ അനുഷ്‌ക മനസ്സിലാക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. എന്റെ മനസ്സിൽ അപ്പോൾ കടന്നുപോയതെന്താണെന്ന് അനുഷ്‌ക മനസ്സിലാക്കിയത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. അന്നു തുടങ്ങിയ സൗഹൃദം അനുഷ്‌കയുമായി ഇപ്പോഴുമുണ്ടെന്ന് രാഹുൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ