രാജ്കോട്ട്: ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ജയം സ്വന്തമാക്കുമ്പോൾ ആതിഥേയരുടെ ജയത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് കെ.എൽ.രാഹുൽ. സ്റ്റംപിനു മുന്നിലും പിന്നിലും തിളങ്ങിയ താരം മാൻ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ റിഷഭ് പന്തിന് പരുക്കേറ്റതോടെയാണ് വിക്കറ്റ് കീപ്പറുടെ റോളിൽ രാജ്കോട്ടിൽ കെ.എൽ.രാഹുൽ എത്തിയത്. ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയാക്കാൻ പതിവു പോലെ രാഹുലിന് സാധിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം നമ്പറിലിറങ്ങിയ രാഹുൽ അർധ സെഞ്ചുറി തികച്ചു മുന്നേറിയതാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്. 52 പന്തിൽ 80 റൺസാണ് രാഹുൽ അടിച്ചെടുത്തത്. നേരത്തെ ഓപ്പണറുടെ റോളിലും മൂന്നാം നമ്പറിലുമെല്ലാം തിളങ്ങാൻ സാധിച്ച പന്ത് മധ്യനിരയിലും വിശ്വസ്തനാണെന്ന് തെളിയിക്കുകയായിരുന്നു രാജ്കോട്ടിൽ. ആറു ഫോറും മൂന്നു സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.

Also Read: സാംപയ്‌ക്ക് കോഹ്‌ലി ‘പ്രേമം’; ഇന്ത്യൻ നായകന് തലവേദന

വിക്കറ്റിന് പിന്നിലും വിക്കറ്റ് കീപ്പറായി എത്തിയ രാഹുൽ ഓസിസ് തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചു. ഡേവിഡ് വാർണർ പുറത്തായതിന് പിന്നാലെ ക്രീസിൽ നിലയുറപ്പിച്ച ഓസ്ട്രേലിയൻ നായകനെ പുറത്താക്കിയത് രാഹുലിന്റെ മിന്നൽ സ്റ്റംപിങ്ങായിരുന്നു. 16-ാം ഓവറിൽ ജഡേജയുടെ ആദ്യ പന്ത് മിന്നൽ വേഗത്തിൽ പിടിച്ചെടുത്ത രാഹുൽ സ്റ്റംപിളക്കുകയായിരുന്നു. മിന്നൽ വേഗതയിൽ സ്റ്റംപിങ്ങിന് പേരുകേട്ട മുൻ ഇന്ത്യൻ നായകൻ ധോണിയെ അനുസ്മരിക്കും വിധമായിരുന്നു രാഹുലിന്റെ പ്രകടനം. പിന്നീട് മിച്ചൽ സ്റ്റാർക്ക്, ആദം സാംപ എന്നിവരുടെ പുറത്താകലിലും രാഹുൽ പങ്കാളിയായി.

മത്സരശേഷം രാഹുലിന്റെ പ്രകടനം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ധോണിയുമായി താരതമ്യം ചെയ്തും രാഹുലിനെ പ്രശംസിച്ചു നിരവധി പേർ ട്വിറ്റ് ചെയ്തപ്പോൾ മറ്റു ചിലർ പന്തിനെ ട്രോളാനാണ് ഈ അവസരം ഉപയോഗിച്ചത്. പന്തിനേക്കാളും എന്തുകൊണ്ടും ഭേദമാണ് രാഹുലെന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്. രാഹുൽ ഇന്ത്യയുടെ ഭാവിയാണെന്നും ചിലർ പറഞ്ഞു.

Also Read: ധോണി ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ല: ഹർഭജൻ സിങ്

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 36 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 340 റൺസ് പിന്തുടർന്ന ഓസീസിന്റെ ഇന്നിങ്സ് 304 ൽ അവസാനിച്ചു. 49.1 ഓവറിൽ 304 റൺസിന് ഓസ്ട്രേലിയയുടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. ജയത്തോടെ ഏകദിന പരമ്പര 1-1 എന്ന നിലയിലായി.ഇതോടെ അവസാന ഏകദിനം ഇരു ടീമുകൾക്കും നിർണായകമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook