ജയ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരങ്ങളില്‍ പ്രധാനിയായിരുന്നു ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ലോകകപ്പില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വയ്ക്കാന്‍ ഹാര്‍ദിക്കിന് സാധിക്കാതെ പോയിരുന്നു. എന്നാല്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഉപനായകന്‍ കെ.എല്‍.രാഹുല്‍.
“ഹാര്‍ദിക്കിന്റെ കാര്യത്തില്‍ സംഭവിച്ചതെന്താണെന്ന് അറിയില്ല. എന്ത് ചെയ്യണമെന്നും തന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഹാര്‍ദിക്കിന് ബോധ്യമുണ്ട്. അത് മനസിലാക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ഒരു തിരിച്ചു വരവ് നടത്തി അടുത്ത പരമ്പരയില്‍ ടീമില്‍ ഇടം നേടാന്‍ ഹാര്‍ദിക്കിന് കഴിയും,” രാഹുല്‍ വിശദീകരിച്ചു.
ഓള് റൗണ്ടര്‍ എന്ന നിലയില്‍ ടീമിലുള്‍പ്പെടുത്തിയ ഹാര്‍ദിക്കിന് ലോകകപ്പില്‍ തിളങ്ങാന്‍ സാധിക്കാതെ പോയി. പാക്കിസ്ഥാനെതിരെ ആറാം ബോളറുടെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയായി. പിന്നീട് ന്യൂസിലന്‍ഡിനും അഫ്ഗാനിസ്ഥാനുമെതിരെ പന്തെറിഞ്ഞ ഹാര്‍ദിക്കിന് വിക്കറ്റ് നേടാനായില്ല. എട്ട് ഓവറില്‍ 40 റണ്‍സ് വഴങ്ങി.
മൂന്ന് ട്വന്റി 20 മത്സരങ്ങളുള്ള ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് നാളെയാണ് തുടക്കമാകുന്നത്. വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനുശേഷമുള്ള ആദ്യ പരമ്പരയില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. കോഹ്ലി, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്.