ന്യൂഡൽഹി: വിഖ്യാതമായ വിസ്‌ഡണ്‍ ഇന്ത്യ അല്‍മനാകിന്‍റെ ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം ലോകേഷ് രാഹുലിന്. വിസ്ഡണ്‍ ഇന്ത്യയുടെ ആറാമത്തെ എഡിഷനാണ് ലോകേഷ് രാഹുലിനെ മികച്ച താരമായി തിരഞ്ഞെടുത്തത്‍. ലോകകപ്പിൽ റണ്ണറപ്പായ ഇന്ത്യന്‍ വനിതാ ടീമിനുള്ള ആദരമായിട്ടാണ് വിസ്‌ഡണ്‍ ഇന്ത്യയുടെ പുതിയ ലക്കത്തിന്‍റെ മുഖചിത്രം തയ്യാറാക്കിയിരിക്കുന്നത്.

വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് ലോകേഷ് രാഹുൽ പുരസ്കാരം സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ റണ്ണറപ്പായ വനിത ടീമിന് വലിയ ആദരമാണ് വിസ്ഡൺ നൽകുന്നത്. മിതാലി രാജിന്‍റെ ക്യാപ്റ്റന്‍സിയിലുള്ള ടീം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റിയിട്ടുണ്ടെന്നാണ് വിസ്‌ഡണ്‍ ഇന്ത്യ അല്‍മനാകിന്‍റെ വിലയിരുത്തല്‍. ദീപ്തി ശർമ്മയാണ് വനിത വിഭാഗത്തിലെ ക്രിക്കറ്റർ ഓഫ് ദി ഇയർ.

അതേസമയം, വനിതാ ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍ താരം എന്നറിയപ്പെടുന്ന ശാന്താ രംഗസ്വാമിയും ഏറപ്പള്ളി പ്രസന്നയും ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. പ്രിയങ്ക് പഞ്ചാല്‍, ഹസന്‍ അലി, തമീം ഇക്ബാല്‍ എന്നിവരാണ് മറ്റ് പുരസ്കാരങ്ങള്‍ നേടിയവര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ