സിഡ്നി: ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം സിഡ്നിയിൽ പുരോഗമിക്കുകയാണ്. ടോസ് ജയിച്ച് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും മികച്ച തുടക്കം നൽകി. ഇരുവരും ആദ്യ വിക്കറ്റിൽ 142 റൺസിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്. ഇതിനിടെ ആരോൺ ഫിഞ്ചും ഇന്ത്യയുടെ ഉപനായകനും വിക്കറ്റ് കീപ്പറുമായ കെ.എൽ.രാഹുലും തമ്മിലുള്ള സൗഹൃദനിമിഷങ്ങള് ക്രിക്കറ്റ് പ്രേമികളെ ഏറെ സന്തോഷിപ്പിച്ചു.
ഇന്ത്യയ്ക്ക് 12-ാം ഓവർ എറിയാനെത്തിയത് നവ്ദീപ് സൈനിയാണ്. ഈ ഓവറിലെ അഞ്ചാം പന്തിൽ ഒരു ബീമറിനു സമാനമായിരുന്നു. സൈനിയുടെ ഫുൾടോസ് ക്രീസിലുണ്ടായിരുന്ന ആരോൺ ഫിഞ്ചിന്റെ വയറിലാണ് കൊണ്ടത്. അംപയർ ഈ പന്ത് നോ ബോൾ അനുവദിച്ചു. വയറിൽ പന്ത് കൊണ്ടത് ഫിഞ്ചിന് വേദനിച്ചു. നോൺ – സ്ട്രൈക് എൻഡിലുണ്ടായിരുന്ന വാർണർ ഫിഞ്ചിന്റെ അടുത്തേക്ക് എത്തി. ഇന്ത്യൻ ഉപനായകൻ കെ.എൽ.രാഹുലും സ്പിന്നർ യുസ്വേന്ദ്ര ചഹലും ഫിഞ്ചിന്റെ അരികിലേക്ക് ഓടിയെത്തി. ഇതിനിടെ ആണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.
Read Also: മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ജേഴ്സി നിങ്ങൾക്കും സ്വന്തമാക്കാം; വില കേട്ടാൽ ഞെട്ടും
പിന്നിലൂടെ എത്തിയ രാഹുൽ എന്തോ പറഞ്ഞുകൊണ്ട് ഫിഞ്ചിന്റെ വയറിൽ തൊട്ടുനോക്കാൻ ശ്രമിച്ചു. ‘പ്രകൃതി കനിഞ്ഞുനൽകിയ ആവശ്യത്തിലധികം സുരക്ഷിത പാഡ് ഇവിടെയുണ്ട്, അതുകൊണ്ട് കുഴപ്പമില്ല,’ എന്നായിരുന്നു ഫിഞ്ചിനോട് രാഹുൽ പറഞ്ഞത്. ഫിഞ്ചിന്റെ വയറിനെ ട്രോളുകയായിരുന്നു രാഹുൽ. ഇതുകേട്ടതും ഫിഞ്ചിന് ചിരിയടക്കാനായില്ല. ഉടൻ തന്നെ രാഹുലിന്റെ വയറ്റിൽ ഫിഞ്ച് ഇടിച്ചു. ഇതുകണ്ട് രാഹുലിനും ചിരിയടക്കാനായില്ല. ക്രിക്കറ്റ് ഓസ്ട്രേലിയ അടക്കം ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
KL Rahul just checking on Aaron Finch after getting hit by a full toss #AUSvIND pic.twitter.com/lb9Kzthisl
— cricket.com.au (@cricketcomau) November 29, 2020
അതേസമയം, ബീമർ എറിഞ്ഞിട്ടും ഫിഞ്ചിന്റെ അരികിൽ എത്തി ഒരു മാപ്പ് പറയാൻ പോലും സൈനി തുനിഞ്ഞില്ലെന്നത് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചു. സൈനിയുടെ പ്രവൃത്തി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേരുന്നതല്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ അടക്കം പറയുന്നത്.
Finch gets to another ODI half-century.
Live #AUSvIND: //t.co/CTxq6E4aSW pic.twitter.com/tU2XK1zFex
— cricket.com.au (@cricketcomau) November 29, 2020
അർധ സെഞ്ചുറി നേടിയ ശേഷമാണ് ഇത്തവണയും ഫിഞ്ച് പുറത്തായത്. ആറ് ഫോറും ഒരു സിക്സും സഹിതം 69 പന്തിൽ നിന്ന് 60 റൺസാണ് ഫിഞ്ച് നേടിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook