മുംബൈ: തുടര്‍ പരാജയങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും അതി ശക്തമായാണ് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ തിരികെ വരുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരങ്ങളിലൂടെയാണ് രാഹുല്‍ മടങ്ങി വന്നരിക്കുന്നത്. അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത് ജനുവരിയില്‍ ഓസ്‌ട്രേലിയ്ക്കു എതിരെ തന്നെയായിരുന്നു.

വിശാഖ പട്ടണത്തില്‍ നടന്ന ആദ്യ ടി20യില്‍ 36 പന്തുകളില്‍ നിന്നും 50 റണ്‍സാണ് രാഹുല്‍ നേടിയത്. രണ്ടാം ടി20യില്‍ 26 പന്തുകളില്‍ നിന്നും 47 റണ്‍സും നേടി. ഈ പ്രകടനങ്ങളുടെ കരുത്തില്‍ ടി20 ബാറ്റ്‌സ്മാന്‍ റാങ്കിങില്‍ നാല് സ്ഥാനം മുകളിലേക്ക് കയറി ആറാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് രാഹുല്‍. 726 പോയന്റുണ്ട് രാഹുലിന്.

തിരിച്ചുവരവില്‍ രാഹുല്‍ നന്ദി പറയുന്നത് ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനോടാണ്. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ രാഹുല്‍ തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചിരുന്നു. ദ്രാവിഡായിരുന്നു ടീമിന്റെ പരിശീലകന്‍. ്ദ്രാവിഡുമൊത്തുള്ള സംസാരങ്ങളും പരിശീലനും തനിക്ക് ഉപകരിച്ചെന്നും അദ്ദേഹം തന്നില്‍ ഒരുപാട് മാറ്റം കൊണ്ടു വന്നെന്നും രാഹുല്‍ പറയുന്നു.

നേട്ടമുണ്ടാക്കിയ മറ്റൊരു താരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ്. രണ്ട് സ്ഥാനം ഉയര്‍ന്ന് 17 ലെത്തി കോഹ്ലി. മുന്‍ നായകന്‍ എംഎസ് ധോണി ഏഴ് സ്ഥാനം മുന്നോട്ട് കയറി 56ലെത്തി. പാക് താരം ബാബര്‍ അസമാണ് ഒന്നാമത്. ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോ രണ്ടാമതുണ്ട്. ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നിലുള്ളത് പേസര്‍ ജസ്പ്രീത് ബുംറയാണ്. 15ാമതാണ് താരം. അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനാണ് ഒന്നാമത്. കുല്‍ദീപ് യാദവ് നാലാമതുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook