കെ.എല്‍.രാഹുലിനെ വിമര്‍ശിച്ചുള്ള മീമിന് ലൈക്ക് അടിച്ച് രോഹിത് ശര്‍മ. ക്രിക്കറ്റ് ലോകത്ത് ഏറെ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവച്ചിരിക്കുന്നത്. രാഹുലിനെ വിമര്‍ശിച്ചും രോഹിത് ശര്‍മയെ പുകഴ്ത്തിയുമുള്ള ‘മിഡില്‍ സ്റ്റംപ് ക്രിക്ക്’ എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണം.

ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുലിനേക്കാള്‍ ആവറേജുള്ള രോഹിത് ശര്‍മയെ എന്തുകൊണ്ട് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കി എന്ന ചോദ്യമാണ് മീമില്‍ പരാമര്‍ശിച്ചിരിക്കുന്നത്. രാഹുലിന് 35 ആണ് ടെസ്റ്റ് ക്രിക്കറ്റിലെ ആവറേജെങ്കില്‍ രോഹിത് ശര്‍മ്മയ്ക്ക് 40 ഉണ്ടെന്നാണ് മീമില്‍ പറഞ്ഞിരിക്കുന്നത്.

Read Also: ലോകകപ്പിലെ ഫോം പരിഗണിക്കണം, രോഹിത് ശര്‍മ്മയെ ടെസ്റ്റിലും ഓപ്പണറാക്കണം: ഗാംഗുലി

അവസാന രണ്ട് വര്‍ഷത്തില്‍ രോഹിത്തിന് 70 ആണ് ആവറേജ് എന്നും ഇതില്‍ പറയുന്നു. ഈ മീമിനാണ് രോഹിത് ശര്‍മ ലൈക്കടിച്ചിരിക്കുന്നത്. രാഹുൽ ഓവർറേറ്റഡ് ആണെന്നാണ് പോസ്റ്റിന്റെ ക്യാപ്ഷൻ.

എന്തുകൊണ്ട് രോഹിത്തിനെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് മുതിര്‍ന്ന താരങ്ങളടക്കം വിമര്‍ശനമുന്നയിച്ചിരുന്നു. രോഹിത്തിനെ ടെസ്റ്റില്‍ കളിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ആരാധകരുടെ ഇടയിലും വിഷയം ചൂടേറിയ ചര്‍ച്ചയാകുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത്തിനെ തഴഞ്ഞതാണ് വിമര്‍ശനങ്ങള്‍ക്കെല്ലാം കാരണം.

ഇതുവരെ 27 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ 39.62 ശരാശരിയില്‍ 1585 റണ്‍സാണ് നേടിയിരിക്കുന്നത്. കെ.എല്‍.രാഹുലാകട്ടെ ടെസ്റ്റ് ക്രിക്കറ്റില്‍ കാര്യമായ സംഭാവനകളൊന്നും ചെയ്യാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്.

ലോകകപ്പിലെ ഫോം പരിഗണിച്ച് രോഹിത് ശർമ്മയെ ടെസ്റ്റ് ക്രിക്കറ്റിലും ഓപ്പണറാക്കണമെന്നാണ് ഗാംഗുലി നേരത്തെ പറഞ്ഞിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഇതേ ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിരുന്നു.

Read Also: അക്ഷയ് കുമാറിനെ ഒരു നോക്കു കാണാൻ ആരാധകൻ നടന്നത് 900 കിലോമീറ്റർ

”പ്രധാന തീരുമാനം രോഹിത്തിനെയാണോ രഹാനെയാണോ കളിപ്പിക്കേണ്ടത് എന്നതാണ്. ലോകകപ്പില്‍ രോഹിത് മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷെ ദക്ഷിണാഫ്രിക്കയിലേയും ഓസ്‌ട്രേലിയയിലേയും ടെസ്റ്റില്‍ രോഹിത് ഫോമിലല്ലായിരുന്നു. രഹാനെ ഓസ്‌ട്രേലിയയില്‍ നന്നായി കളിച്ചില്ല. എന്റെ നിര്‍ദ്ദേശം രോഹിത്തിനെ ലോകകപ്പിലെ പ്രകടനം കണക്കിലെടുത്ത് കളിപ്പിക്കണമെന്നാണ്”. – ഗാംഗുലി പറഞ്ഞു.

”രോഹിത്തിനെ ഓപ്പണിങ്ങില്‍ തന്നെ കളിപ്പിക്കണം. രഹാനെയെ മധ്യനിരയില്‍ കളിപ്പിക്കുന്നതാകും നല്ലത്” രഹാനെയ്ക്ക് മധ്യനിരയില്‍ കൂടുതല്‍ സ്ഥിരത കൊണ്ടു വരാനാകുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് മറ്റൊരു ആശങ്ക വിക്കറ്റ് കീപ്പര്‍മാരായ വൃഥിമാന്‍ സാഹ, ഋഷഭ് പന്ത് എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാനാണ്. ഇതില്‍ പന്തിനെയാണ് ഗാംഗുലി നിര്‍ദ്ദേശിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook