കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന് നിശ്ചിത ഓവർ ഫോർമാറ്റിൽ വിക്കറ്റ് കീപ്പർ ആരെന്നതാണ്. ഏകദിന ലോകകപ്പിന് പിന്നാലെ ധോണി ക്രീസിൽ നിന്ന് ഇടവേളയെടുത്തതോടെ റിഷഭ് പന്തിന് ടീമിൽ സ്ഥാനമുറപ്പിക്കാൻ അവസരം ലഭിച്ചെങ്കിലും പരുക്കും സ്ഥിരതയില്ലായ്മയും താരത്തിന് തിരിച്ചടിയായി.

ഇതോടെ കർണാടക താരം കെഎൽ രാഹുൽ ചില പരമ്പരകളിൽ വിക്കറ്റ് കീപ്പറുടെ റോളിലെത്തി. രാഹുൽ തന്നെയാണ് നിലവിലെ സാഹചര്യത്തിൽ ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാർഥീവ് പട്ടേൽ.

ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നിൽ കണ്ടാൽ കർണാടക താരം കെഎൽ രാഹുൽ തന്നെയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന് പാർഥീവ് പട്ടേൽ പറഞ്ഞു. അദ്ദേഹം ആ ജോലി ഭംഗിയായി ചെയ്യുമെന്നും അതിലൊരു സംശയവും വേണ്ടെന്നും പാർഥിവ് പറഞ്ഞു.

റിഷഭ് പന്ത് കൂടുതൽ ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്നും പാർഥീവ് പറഞ്ഞു. സ്വന്തം അനുഭവം ഉദ്ധാഹരിച്ചുകൊണ്ടാണ് താരം പന്തിന് ഉപദേശം നൽകുന്നത്. 17-18 വയസിൽ ഇന്ത്യയ്ക്കുവേണ്ടി കളിക്കുമ്പോൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോയത് ഏറെ സഹായകമായെന്ന് പാർഥിവ് പറഞ്ഞു.

“റിഷഭിനെ കാണുമ്പോഴെല്ലാം പറയാറുണ്ട്. നിങ്ങളിൽ കഴിവുള്ളതുകൊണ്ടാണ് ആളുകൾ നിങ്ങളെക്കുറിച്ച് സംസാരിക്കുന്നതെന്ന്. കഴിവില്ലെങ്കിൽ ആരും നിങ്ങളെക്കുറിച്ച് സംസാരിക്കില്ല. അതുകൊണ്ട് ഒന്ന് ഓർമ്മിക്കണം, നിങ്ങൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുകയും ആ ഫോം തിരികെ നേടുകയും വേണം,” പാർഥിവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook