പല്ലക്കലെ: ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലിന് അപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ബഹുമതിയാണ് രാഹുല്‍ സ്വന്തമാക്കിയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പല്ലക്കലെടെസ്റ്റിലാണ് രാഹുലിന്റെ നേട്ടം. മത്സരത്തില്‍ രാഹുല്‍ 85 റണ്‍സെടുത്ത് പുറത്തായി.

എവര്‍ട്ടണ്‍ വീക്ക്‌സ്, ആന്‍ഡി ഫ്ളവര്‍, ശിവനരെയ്ന്‍ ചന്ദ്രപോള്‍, കുമാര്‍ സംഗക്കാര, ക്രിസ് റോജേഴ്‌സ് എന്നിവരാണ് ഈ റെക്കോര്‍ഡ് ക്ലബ്ബിലുളളത്. അതേസമയം തുടര്‍ച്ചയായി ആറ് അര്‍ദ്ധ സെഞ്ച്വറികളെന്ന നേട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ഗുണ്ടപ്പ വിശ്വനഥ് എന്നിവരുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റില്‍ 57 അടിച്ചതോടെ രാഹുലും ഇവരുടെ പട്ടികയിലെത്തി. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ പരിക്കേറ്റതിനാല്‍ ഏറെ നാള്‍ രാഹുല്‍ ടീമിന് പുറത്തായിരുന്നു. ഐ.പി.എല്‍, ചാമ്പ്യന്‍സ് ട്രോഫി, വിന്‍ഡീസ് പര്യടനം എന്നിവ അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു. പിന്നീട് ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റിലേക്കായിരുന്നു രാഹുല്‍ തിരിച്ചെത്തിയത്.

85 റൺസെടുത്ത രാഹുുൽ റണ്‍ഔട്ട് ആവുകയായിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരം കൂടിയാണ് കര്‍ണ്ണാടകക്കാരനായ രാഹുല്‍. പല്ലക്കലെ ടെസ്റ്റില്‍ 135 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളുടെ അകമ്പിടിയോടെയായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. പുഷ്പകുമാരക്കായിരുന്നു രാഹുലിന്റെ വിക്കറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ