‘ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും പ്രണയത്തിലാണോ?’ ഒരു വർഷത്തോളമായി മാധ്യമങ്ങളും ആരാധകരുടെയും ചോദ്യമാണിത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു എങ്കിലും താരങ്ങൾ നേരിട്ടു ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത നൽകുന്നതാണ് രാഹുലിനെ കുറിച്ച് ആതിയ കുറിച്ച വാക്കുകൾ.

Read Also: ധോണി കലവറയില്ലാതെ പിന്തുണച്ചത് ആ താരത്തെ; വെളിപ്പെടുത്തലുമായി യുവരാജ്

ഏപ്രിൽ 18 നു കെ.എൽ.രാഹുലിന്റെ ജന്മദിനമായിരുന്നു. നിരവധിപേരാണ് രാഹുലിനു ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തിയത്. അതിൽ ഏറ്റവും സ്‌പെഷ്യലും ആരാധകർ കാത്തിരുന്നതുമായ ആശംസയായിരുന്നു ആതിയയുടേത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കു കരുത്ത് പകരുന്നതാണ് ആതിയ ഷെട്ടിയുടെ ആശംസ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകർ ഏറ്റെടുത്തു. ‘ഹാപ്പി ബർത്‌ഡേ, എന്റെ ആൾ’ എന്ന കുറിപ്പോടെയാണ് രാഹുലിനൊപ്പം ഇരിക്കുന്ന ചിത്രം ആതിയ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

happy birthday, my person @rahulkl

A post shared by Athiya Shetty (@athiyashetty) on

കഴിഞ്ഞ വര്‍ഷം മുതലാണ് ഇരുവരും പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. സാമൂഹ്യമാധ്യമങ്ങളിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും പങ്കുവയ്‌ക്കാറുണ്ട്. അതിൽ നിന്നൊന്നും ഇരുവരും തമ്മിലുള്ള ബന്ധത്തെ പറ്റി കൂടുതൽ വ്യക്തത ലഭിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രവും അതിനു നൽകിയിരിക്കുന്ന ക്യാപ്‌ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

2015ൽ ‘ഹീറോ’ എന്ന സിനിമയിലൂടെയാണ് ആതിയ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സുനിൽ ഷെട്ടിയുടെയും മന ഷെട്ടിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ്. ആതിയ ഷെട്ടിയും രാഹുലും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ പരസ്യപ്രതികരണവുമായി സുനിൽ ഷെട്ടി രംഗത്തെത്തിയിരുന്നു. തന്റെ മകൾക്ക് ഇഷ്‌ടമുള്ളവരെ വിവാഹം കഴിക്കാമെന്നാണ് സുനിൽ ഷെട്ടി അന്നു പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വിശ്വസ്‌തനായ ബാറ്റ്‌സ്‌മാനാണ് കെ.എൽ.രാഹുൽ. ഏത് നമ്പറിലും ബാറ്റ് ചെയ്യും എന്നതാണ് രാഹുലിനെ മറ്റ് താരങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്നത്. വിക്കറ്റ് കൂപ്പർ ബാറ്റ്‌സ്‌മാന്റെ കുപ്പായത്തിലും രാഹുൽ കളിക്കളത്തിൽ ഇറങ്ങാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook