Vivo IPL 2019, KKR vs SRH Live Score Updates:ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ കൊൽക്കത്തയ്ക്ക് ജയത്തോടെ തുടക്കം. സൺറൈസേഴ്സ് ഹൈദരാബാദിന്റെ 182 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത് നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ബാക്കിനിൽക്കെ കളി ജയിച്ചു. വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ റാണയും റസലുമാണ് കൊൽക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. അവസാന ഓവറിൽ റാഷിദ് ഖാനെ അടുപ്പിച്ച് ബൗണ്ടറി പായിച്ച് ശുഭ്മാൻ ഗിൽ ജയം ഉറപ്പിക്കുകയായിരുന്നു.

ടോസ് നേടിയ കൊൽക്കത്ത സൺറൈസേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 181 റൺസ് സ്വന്തമാക്കിയത്.
മടങ്ങി വരവ് ഗംഭീരമാക്കി അർധസെഞ്ചുറി തികച്ച് ഡേവിഡ് വാർണറും അവസാന ഓവറുകളിൽ തകർത്തടിച്ച വിജയ് ശങ്കറുമാണ് ഹൈദരാബാദിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചത്. 53 പന്തിൽ 85 റൺസാണ് വാർണറുടെ സമ്പാദ്യം. 24 പന്തിൽ 40 റൺസാണ് വിജയ് ശങ്കർ അടിച്ചെടുത്തത്. ന്യൂസിലൻഡ് താരം കെയ്ൻ വില്ല്യംസിന് പകരം ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്.

എന്നാൽ മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയ്ക്ക് തുടക്കം പിഴച്ചു. ഏഴ് റൺസിൽ ലിന്നിനെ നഷ്ടമായി. എന്നാൽ പിന്നീട് ക്രീസിൽ നിലയുറപ്പിച്ച റാണ തകർത്തടിച്ചു. ഉത്തപ്പയും കാർത്തിക്കും മടങ്ങിയപ്പോഴും റാണ വെടിക്കെട്ട് ബാറ്റിങ് തുടർന്നു. 68 റൺസിൽ താരം പുറത്തായതിന് പിന്നാലെ അക്രമണത്തിന്റെ ചുമതല റസൽ ഏറ്റെടുക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ എറിഞ്ഞ 19-ാം ഓവറിൽ രണ്ട് വീതം സിക്സും ഫോറും ഉൾപ്പടെ റസൽ സ്വന്തമാക്കിയത് 21 റൺസ്. പിന്നാലെ അവസാന ഓവറിൽ റാഷിദ് ഖാനെ സിക്സർ പറത്തി ശുഭ്മാൻ ഗിൽ കൊൽക്കത്തയ്ക്ക് ജയം സമ്മാനിച്ചു.