IPL 2021 KKR vs DC Qualifier 2: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കലാശപ്പോരാട്ടത്തില്‍ ചൈന്നൈ സൂപ്പര്‍ കിങ്സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേരിടും. ക്വാളിഫയര്‍ രണ്ടില്‍ ഡല്‍ഹിയെ മൂന്ന് വിക്കറ്റിന് കീഴടക്കിയാണ് കൊല്‍ക്കത്ത ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്.
136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ കൈയില്‍ ഭദ്രമായിരുന്നു ജയം. അനായാസം ഫൈനലിലേക്ക് എത്തുമെന്ന് തോന്നിച്ചു. 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്തയുടെ സ്കോര്‍ 90 കടന്നിരുന്നു. എന്നാല്‍ തകര്‍ത്തടിച്ചു കൊണ്ടിരുന്ന വെങ്കിടേഷ് അയ്യരിനെ (55) പുറത്താക്കി ഡല്‍ഹി തിരിച്ചു വരവിന് തുടക്കമിട്ടു.
ഷുബ്മാന്‍ ഗില്ലും നിതീഷ് റാണയും ചേര്‍ന്ന് വിജയത്തിലേക്ക് പതിയെ നീങ്ങിയപ്പോള്‍ ആന്റിച്ച് നോര്‍ജെ റാണയെ മടക്കി. പിന്നാലെ ഗില്ലിനെ (46) പറഞ്ഞയച്ച് അവേശ് ഖാനും ഡല്‍ഹിക്ക് ആശ്വാസം നല്‍കി. എങ്കിലും തോല്‍ക്കുന്നമെന്ന ഭയം കൊല്‍ക്കത്തയ്ക്ക് ഇല്ലായിരുന്നു. ജയിക്കാന്‍ 20 പന്തില്‍ 11 റണ്‍സം മാത്രം.
പിന്നീട് ഷാര്‍ജയിലെ മൈതാനം കണ്ടത് ഡല്‍ഹിയുടെ കുതിപ്പ് ആയിരുന്നു. കിഗീസോ റബാഡ എറിഞ്ഞ 18-ാം ഓവറില്‍ വിട്ട് നല്‍കിയത് കേവലം ഒരു റണ്‍സ്, ഒപ്പം ദിനേഷ് കാര്‍ത്തിക്കിന്റെ വിക്കറ്റും. അടുത്ത ഓവറില്‍ നോര്‍ജെ റബാഡയുടെ പാത പിന്തുടര്‍ന്നു. മൂന്ന് റണ്‍സ് മാത്രം വഴങ്ങി കൊല്‍ക്കത്ത നായകനെ പൂജ്യത്തിന് പവലിയനിലേക്ക് മടക്കി.
അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ ഏഴ് റണ്‍സ്. ആശ്വിന്റെ ആദ്യ പന്തില്‍ ത്രിപാതി ഒരു റണ്‍സ് നേടി. പിന്നാലെ ഷക്കിബ് അല്‍ ഹസനും, സുനില്‍ നരെയ്നും അശ്വിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി. കൊല്‍ക്കത്തയ്ക്കും ഫൈനലിനും നടുവില്‍ ആറ് റണ്‍സും രണ്ട് പന്തുകളും. അശ്വിന്റെ അഞ്ചാം പന്തില്‍ സിക്സ് പായിച്ച് ത്രിപാതി കൊല്‍ക്കത്തയെ ഫൈനലിലേക്ക് നയിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കൊല്‍ക്കത്തയുടെ ബോളര്‍മാര്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അവസാന മൂന്ന് ഓവറില്‍ നേടിയ 36 റണ്‍സാണ് ഡല്‍ഹിയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും അതിവേഗമായിരുന്നു തുടങ്ങിയത്. മൂന്ന്, നാല് ഓവറുകളില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 26 റണ്‍സായിരുന്നു. പൃഥ്വി ഷാ മടങ്ങിയതോടെ സ്കോറിങ്ങിന് വേഗം കുറയുന്നതാണ് കണ്ടത്. ധവാനും മൂന്നാമനായി എത്തിയ മാര്‍ക്കസ് സ്റ്റോയിനിസും താളം കണ്ടത്താതെ പോയി. 39 പന്തിലാണ് ധവന്‍ 36 റണ്‍സ് നേടി പുറത്തായത്.
സ്റ്റോയിനിസാകട്ടെ 23 പന്തില്‍ നേടിയത് 18 റണ്‍സ് മാത്രം. നായകന്‍ റിഷഭ് പന്തും പരാജയപ്പെട്ടതോടെ ഡല്‍ഹി തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ ശ്രേയസ് അയ്യരും ഷിമ്രോൺ ഹെറ്റ്മെയറും ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ പോരാട്ടമാണ് ഡല്‍ഹിയെ രക്ഷിച്ചത്. അയ്യര്‍ 30 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഷിമ്രോൺ 10 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി.
കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ടും, ശിവം മവി, ഷക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാർക്കസ് സ്റ്റോയിനിസ്, ഷിമ്രോൺ ഹെറ്റ്മെയർ, അക്ഷര്‍ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, അവേഷ് ഖാൻ, അൻറിച്ച് നോർജെ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ശുബ്മാൻ ഗിൽ, വെങ്കിടേഷ് അയ്യർ, രാഹുൽ ത്രിപാഠി, നിതീഷ് റാണ, ഇയോൻ മോർഗൻ (ക്യാപ്റ്റന്‍), ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), സുനിൽ നരെയ്ൻ, ഷക്കിബ് അൽ ഹസൻ, ലോക്കി ഫെർഗൂസൺ, ശിവം മാവി, വരുൺ ചക്രവർത്തി.