IPL 2021, KKR vs DC Score Updates: ഷാർജ: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്ന് വിക്കറ്റ് ജയം. ഡൽഹി ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 18.2 ഓവറിൽ മറികടക്കുകയായിരുന്നു. 27 പന്തിൽ 36 റൺസെടുത്ത് പുറത്താകാതെ നിന്ന നിതീഷ് റാണയാണ് കൊൽക്കത്ത നിരയിലെ ടോപ് സ്കോറർ.
ഡൽഹിയെ ചെറിയ സ്കോറിൽ തളച്ചു ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് പവർ പ്ലേയിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. 15 പന്തിൽ 14 റൺസെടുത്ത വെങ്കടേഷ് അയ്യരുടെയും അഞ്ച് പന്തിൽ ഒമ്പത് റൺസ് നേടിയ രാഹുൽ ത്രിപാഠിയെയുടെയും വിക്കറ്റാണ് നഷ്ടമായത്.
പിന്നീട് ശുഭ്മാൻ ഗില്ലും നിതീഷ് റാണയും ചേർന്ന് പതിയെ കൊൽക്കത്തയെ മുന്നോട്ട് കൊണ്ടുപോയെങ്കിലും റബാഡ എറിഞ്ഞ 11-മത്തെ ഓവറിൽ ശ്രേയസ് അയ്യർക്ക് ക്യാച് നൽകി ഗിൽ മടങ്ങി. 33 പന്തിൽ 30 റൺസായിരുന്നു സമ്പാദ്യം. തൊട്ടു പിന്നാലെ പൂജ്യനായി ക്യാപ്റ്റൻ ഓയിൻ മോർഗനും മടങ്ങി. അതിനു ശേഷം എത്തിയ കാർത്തിക്കും 14 പന്തിൽ 12 റൺസുമായി മടങ്ങി.
പിന്നീടെത്തിയ സുനിൽ നരേൻ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞു, കൊൽക്കത്തയുടെ വിജയം കൂടുതൽ എളുപ്പമാക്കി ജയിക്കാൻ അഞ്ചു റൺസ് മാത്രം വേണ്ടപ്പോൾ പുറത്തായി. 10 പന്തിൽ 21 റൺസാണ് നേടിയത്. പിന്നാലെ മൂന്ന് റൺസുമായി സൗത്തിയും പോയെങ്കിലും നിതീഷ് റാണ കൊൽക്കത്തയെ വിജയത്തിലേക്ക് എത്തിച്ചു.
ഡൽഹിക്കായി ആവേശ് ഖാൻ മൂന്ന് വിക്കറ്റും റബാഡ, നോർക്യ, അശ്വിൻ ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റിന് 127 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. മികച്ച പ്രകടനമാണ് കൊൽക്കത്ത ബൗളർമാർ കാഴ്ചവെച്ചത്.
ഡൽഹി നിരയിൽ സ്റ്റീവ് സ്മിത്തും ക്യാപ്റ്റൻ റിഷഭ് പന്തും മാത്രമാണ് മുപ്പത്തിനുമേൽ റൺസ് നേടിയത്. റിഷഭ് 34 പന്തിൽ 39 റൺസും സ്റ്റീവ് സ്മിത്ത് 36 പന്തിൽ 39 റൺസും നേടി. ശിഖർ ധവാൻ 20 പന്തിൽ 24 റൺസും എടുത്തു. ഇവരെ കൂടാതെ മറ്റാരും രണ്ടക്കം കടന്നില്ല.
ശ്രേയസ് അയ്യർ ഒരു റൺസിനും ഷിംറോൺ ഹെത്ത്മേയർ നാലു റൺസിനും അശ്വിൻ ഒമ്പത് റൺസിനും പുറത്തായപ്പോൾ ലളിത് യാദവ്, അക്സർ പട്ടേൽ റബാഡ എന്നിവർ റൺസൊന്നും നേടാനാകാതെ പുറത്തായി. അവസാനമിറങ്ങിയ ആവേശ് ഖാൻ അഞ്ച് റൺസ് നേടി.
കൊൽക്കത്തയ്ക്കായി വെങ്കടേഷ് അയ്യർ, സുനിൽ നരേൻ, ലോക്കി ഫെർഗുസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും ടിം സൗത്തി ഒരു വിക്കറ്റും നേടി.