ജയ്‌പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ തട്ടകത്തില്‍ അനായാസമായി മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത ഒരോവറും ഒരു പന്തും ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റേയും റോബിന്‍ ഉത്തപ്പയുടേയും ബാറ്റിങ്ങാണ് കൊൽക്കത്തയെ അനായാസമായി വിജയതീരത്തെത്തിച്ചത്. മൽസരത്തിലുടനീളം ആധിപത്യം കൊല്‍ക്കത്തയ്ക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി നായകന്‍ അജിങ്ക്യ രഹാനെയും ഡാര്‍സി ഷോട്ടും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും ഇരുവരും പുറത്തായതോടെ രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് ഒതുങ്ങുകയായിരുന്നു.

19 പന്തില്‍ നിന്നും 35 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യമെങ്കില്‍ 42 പന്തില്‍ നിന്നും 44 റണ്‍സാണ് ഷോട്ട് എടുത്തത്. കൊല്‍ക്കത്തന്‍ താരങ്ങളുടെ ഫീല്‍ഡിങ് മികവിനും മൽസരം സാക്ഷിയായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍ സുനില്‍ നരെയ്ന്‍ 35 റണ്‍സും ഉത്തപ്പ 48 റണ്‍സുമെടുത്ത് മികച്ച തുടക്കം നല്‍കി. പിന്നാലെ എത്തിയ നായകന്‍ ദിനേശും യുവതാരം നിതീഷ് റാണയും ചേര്‍ന്ന് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. ദിനേശ് 42 റണ്‍സും റാണ 35 റണ്‍സും നേടി.

അതേസമയം, മലയാളി സഞ്ജു സാംസണും കാര്യമായി സംഭാവന ചെയ്യാതെ മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയായി. 7 പന്തില്‍ 7 റണ്ണമായി നില്‍ക്കവേ ശിവം മവിയുടെ പന്തില്‍ കുല്‍ദീപിനു ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 44 റണ്ണെടുത്ത ഷോട്ട് ഫോമിലേക്ക് ഉയര്‍ന്നത് രാജസ്ഥാനു പ്രതീക്ഷ നല്‍കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ