കൊച്ചി: സ്റ്റേഡിയത്തെ ചൊല്ലിയുള്ള വിവാദം മുതല്‍ സുപ്രധാന താരങ്ങളുടെ കൊഴിഞ്ഞ് പോക്കടക്കം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പല പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. പ്രതിസന്ധികള്‍ക്കിടയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. പരുക്കു മൂലം ടീം വിട്ട വിദേശ താരം മടങ്ങിയെത്തിയിരിക്കുന്നു.

സൂപ്പര്‍ താരം കിസിറ്റോ കെസിറോണാണ് ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. കുറഞ്ഞ മത്സരങ്ങള്‍ കൊണ്ടു തന്നെ ആരാധകരുടെ പ്രിയങ്കരനായ ഡൂഡ് ആയി മാറിയ കിസിറ്റോ പരിക്ക് മൂലം ടൂര്‍ണമെന്റിനിടെ ടീം വിടുകയായിരുന്നു. കിസിറ്റോയുടെ അരങ്ങേറ്റ മത്സരം സൃഷ്ടിച്ച ഓളം തന്നെ ധാരാളമായിരുന്നു താരത്തിന്റെ മികവ് വിളിച്ചോതാന്‍.

എന്നാല്‍ അപ്രതീക്ഷിതമായി കിസിറ്റോ ടീം വിട്ടത് ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടിയായിരുന്നു. മധ്യനിരയില്‍ കളിമെനയാനുള്ള കിസിറ്റോയുടെ കഴിവില്‍ ടീമിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഐഎസ്എല്‍ പടയോട്ടം പ്ലേ ഓഫ് കാണാതെ അവസാനിച്ചെങ്കിലും സൂപ്പര്‍ കപ്പിന് തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സിന് കിസിറ്റോയുടെ മടങ്ങി വരവ് വന്‍ ആവേശം പകരുമെന്നുറപ്പാണ്.

ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്ന കിസിറ്റോയുടെ ചിത്രം ടീം അധികൃതര്‍ തന്നെയാണ് പുറത്തു വിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ