കൊൽക്കത്ത ഡെർബിയിലെ സ്വപ്ന അരങ്ങേറ്റത്തിന് ശേഷം കിയാൻ നസ്സീറി ശനിയാഴ്ചത്തെ ഐഎസ്എല്ലിന്റെ വലിയ വേദിയിൽ തനിക്ക് മികച്ച ഇൻട്രോയാണ് നൽകിയത്. അവിടെ ബെഞ്ചിൽ നിന്ന് ഇറങ്ങി മത്സരത്തിൽ പങ്കെടുത്ത നസ്സീറി ഹാട്രിക് നേടി. കളിയിൽ ഇറങ്ങിയ ശേഷം ആദ്യമായി പന്ത് അടിച്ചത് തന്നെ ഗോളിലേക്ക്.
മത്സരത്തിന്റെ 64ാം മിനുറ്റിലായിരുന്നു ഗോൾ. അതോടെ 56ാം മിനുറ്റിൽ നേടിയ ഗോളിൽ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്ന ഈസ്റ്റ് ബംഗാളിനെ എടികെ മോഹൻ ബഗാൻ സമനിലയിൽ പിടിച്ചു. തുടർന്നുള്ള രണ്ട് ഗോളുകളും കൂടി ആയതോടെ നസ്സീറി എടികെ മോഹൻ ബഗാന് ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയം നേടിക്കൊടുത്തു.
മത്സരത്തിൽ 90ാം മിനുറ്റിന് ശേഷമുള്ള ഇഞ്ചുറി ടൈമിലായിരുന്നു അവസാന രണ്ട് ഗോളും. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുറ്റിൽ രണ്ടാം ഗോളും നാലാം മിനുറ്റിൽ മൂന്നാം ഗോളും.
ഇതോടെ കൊൽക്കത്ത ഡെർബിയുടെ ചരിത്രത്തിൽ ഹാട്രിക് നേടുന്ന നാലാമത്തെ താരമായും ഐഎസ്‌എല്ലിൽ എടികെ മോഹൻ ബഗാന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും നസ്സീറി മാറി.
Also Read: ‘ഞാന്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു’; സ്കൂപ്പ് ഷോട്ടിനെക്കുറിച്ച് മിസബ
എന്നാൽ നസ്സീറിയുടെ ഈ ഗോളുകൾക്ക് മറ്റൊരു പ്രത്യേകതയുണ്ട്. ഈസ്റ്റ് ബംഗാളിന് വേണ്ടി 72 ഗോളുകൾ നേടിയ ഫുട്ബോളറാണ് നസ്സീറിയുടെ പിതാവ്. പിതാവിന്റെ ടീമിനെതിരെയാണ് ഇപ്പോൾ നസ്സീറി കൊൽക്കത്ത ഡർബിയിൽ ഹാട്രിക്ക് നേടിയത്.
80കളിൽ ഈസ്റ്റ് ബംഗാൾ ആരാധകർക്കിടയിൽ ഇറാൻ സ്വദേശിയായ ജംഷിദ് പ്രിയങ്കരനായിരുന്നു.
നിലവിൽ കൊൽക്കത്തയിൽ താമസിക്കുന്ന ജംഷിദ്, ഇറാൻ സ്വദേശിയാണ്. ഇന്ത്യയിലെത്തി അവിടെ ഫുട്ബോളിൽ അദ്ദേഹം തന്റെ ഇടം കണ്ടെത്തുകയായിരുന്നു. മാജിദ് ബിഷ്‌കറുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം ഇന്നും ആരാധകർ സ്‌നേഹപൂർവ്വം ഓർക്കുന്നു.
യുവാവായ കിയാൻ നസ്സീറിക്ക് ഫുട്ബോൾ എപ്പോഴും തന്റെ രക്തത്തിലുണ്ടായിരുന്നു.കൊൽക്കത്ത ഡെർബിയെക്കുറിച്ചുള്ള കഥകൾ കേട്ടാണ് അദ്ദേഹം വളർന്നത്.
“ഞാൻ അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഡെർബിയിൽ കളിക്കുന്നത് എത്ര തീവ്രവും ആവേശകരവുമാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്, എന്റെ പിതാവ് എപ്പോഴും ഈ മത്സരങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു, ” കിയാൻ പറഞ്ഞു.
“എനിക്ക് ഒരു വീഡിയോയും പിടിക്കാൻ അവസരം ലഭിച്ചിട്ടില്ല. അന്നത്തെ ഗെയിമുകളെ കുറിച്ച് പല ആളുകളിൽ നിന്നും എന്റെ അച്ഛന്റെ സുഹൃത്തുക്കളിൽ നിന്നും ഞാൻ കഥകൾ കേട്ടിട്ടുണ്ട്, അതിനാൽ അന്നത്തെ ഗെയിമുകൾ എങ്ങനെയായിരുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
കൽക്കത്ത ഫുട്ബോൾ ലീഗിൽ സീനിയർ ലെവലിൽ എത്തുന്നതിന് മുമ്പ് കിയാൻ 16-ആം വയസ്സിൽ മുഹമ്മദൻ സ്പോർട്ടിംഗിനായി ജൂനിയർ ഐ-ലീഗിൽ കളിച്ചിരുന്നു. 2019-20 ഐ-ലീഗ് പതിപ്പിൽ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തെ മോഹൻ ബഗാൻ അണ്ടർ -19 ടീമിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.